സംസ്ഥാനത്ത് ഇന്ന് 39 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു; കാസർഗോഡ് മാത്രം 34 കേസ്

kerala covid cases rises to 164

സംസ്ഥാനത്ത് ഇന്ന് 39 പേർക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.  ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 164 ആയി. രോഗം സ്ഥിരീകരിച്ച 34 പേരും കാസർഗോഡ് ജില്ലയിലാണ്. കണ്ണൂർ ജില്ലയിൽ രണ്ടുപേർക്കും തൃശൂർ, കോഴിക്കോട്, കൊല്ലം ജില്ലയിൽ ഒരാൾക്ക് വീതവും വെെറസ് ബാധ സ്ഥിരികരിച്ചു. ഇതോടെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആകെ 1,10,299 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇതിൽ 616 പേർ ആശുപത്രികളിലാണ്. 112 പേരെ ഇന്നുമാത്രം ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 5679 സാംപിളുകൾ ഇന്ന് പരിശോധയ്ക്ക് അയച്ചു. ഇതിൽ 4448 ഫലങ്ങൾ നെഗറ്റീവായി.

ഇന്ന് നല്ല ദിവസം അല്ലെന്ന മുഖവുരയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്ത സമ്മേളനം തുടങ്ങിയത്. ഇപ്പോഴത്തെ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കാതെ നിർവാഹമില്ലെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി ഏത് സാഹചര്യത്തേയും നേരിടാൻ സംസ്ഥാനം തയാറാകണമെന്നും നിർദ്ദേശിച്ചു. പുതുതായി കണ്ടെത്തിയ രോഗികൾ നിരവധി പേരുമായി ബന്ധപ്പെട്ടവരാണ്. അതുകൊണ്ടുതന്നെ അവരുടെ പേരുവിവരങ്ങൾ പരസ്യമാക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് സ്ഥിരീകരിച്ച ഇടുക്കിയിലെ പൊതുപ്രവർത്തകനെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സഞ്ചരിച്ചിട്ടുള്ള ഇയാൾ ഒരു രാഷ്ട്രീയ പ്രവർത്തകന് യോജിച്ച രീതിയിലല്ല പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു.

content highlights: kerala covid cases rises to 164