സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയെന്ന് ആർബിഐ; പലിശ നിരക്കിൽ ഇളവുകൾ പ്രഖ്യാപിച്ചു

RBI chief announces loan payment relief, Rs 3.7 lakh crore liquidity boost

കൊവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ പുതിയ റീപ്പോ നിരക്കുകൾ പ്രഖ്യാപിച്ച് ആർബിഐ. റീപ്പോ നിരക്ക് 0.75 ശതമാനം കുറച്ച് 4.4% ആക്കി. ഇതോടെ രാജ്യത്തു ഭവന, വാഹന വായ്പ നിരക്കുകൾ കുറയും. എല്ലാ വായ്പ തിരിച്ചടവുകൾക്കും 3 മാസത്തെ മൊറട്ടോറിയവും പ്രഖ്യാപിച്ചു. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.

കൊവിഡ് 19 വ്യാപനം സാമ്പത്തിക മാന്ദ്യം സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പും അദ്ദേഹം നൽകി. സ്വകാര്യമേഖലയിലെ ബാങ്കുകൾ ഉൾപ്പടെ രാജ്യത്തെ ബാങ്കുകളിലെ നിക്ഷേപം സുരക്ഷിതമായിരിക്കുമെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി.

റീപ്പോ, റിവേഴ്സ് റീപ്പോ നിരക്കുകൾ കുറച്ചതോടെ വായ്പ പലിശകൾ കുറയ്ക്കാൻ ബാങ്കുകൾ നിർബന്ധിതരാകും. ആര്‍ബിഐയുടെ തീരുമാനത്തോടെ 3.74 ലക്ഷം കോടി രൂപ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാഷ് റിസര്‍വ് റേഷ്യോയില്‍ ഒരുശതമാനവും കുറവുവരുത്തിയിട്ടുണ്ട്. പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് നിരക്ക് കുറയ്ക്കുന്നതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി.

content highlights: RBI chief announces loan payment relief, Rs 3.7 lakh crore liquidity boost