‘ഞാനുമായി അടുത്ത് ഇടപഴകിയിട്ടുള്ളവരോ സംസാരിക്കുകയോ ചെയ്തിട്ടുള്ളവര്‍ മുന്‍ കരുതലുകളെടുക്കണം’; അഭ്യര്‍ത്ഥനയുമായി ഇടുക്കിയിലെ കൊവിഡ് ബാധിതന്‍

ഇടുക്കി: ഇടുക്കിയിലെ പൊതു പ്രവര്‍ത്തകന് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ആശയക്കുഴപ്പത്തിലായിരിക്കുകയാണ് ആരോഗ്യ വകുപ്പ്. സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും ഇദ്ദേഹം സഞ്ചരിച്ചിരുന്നു എന്നതാണ് ആശങ്കക്ക് കാരണം. ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പടക്കം തയാറാക്കുന്നതില്‍ വലിയ തലവേദനയാണ് ആരോഗ്യ വകുപ്പിന് ഉണ്ടായിരിക്കുന്നത്. അതേസമയം, താനുമായി അടുത്തിടപഴകിയ എല്ലാവരും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇദ്ദേഹം.

ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞാണ് എനിക്ക് കോവിഡ് രോഗമുണ്ടെന്ന് അറിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ രോഗത്തേക്കാള്‍ ഉപരി പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഒട്ടേറെ ആളുകളുമായി ഇടപഴകുകയും യാത്രകള്‍ ചെയ്യേണ്ടതായും വന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ തനിക്കു വലിയ വേദനയും ദുഃഖവുമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 29 മുതലുള്ള കാലയളവില്‍ ഞാനുമായി അടുത്ത് ഇടപഴകിയിട്ടുള്ളവരോ സംസാരിക്കുകയോ ചെയ്തിട്ടുള്ള തന്റെ പരിചയക്കാരും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമായിട്ടുള്ള ആളുകള്‍ അവരവരുടെ തൊട്ടടുത്തുള്ള ആരോഗ്യപ്രവര്‍ത്തകരെ സമയബന്ധിതമായി ബന്ധപ്പെടാനും ആവശ്യമായ മുന്‍കരുതലെടുക്കാനും തയാറാകണമെന്ന് കൊവിഡ് ബാധിതന്‍ അഭ്യര്‍ഥിച്ചു. താന്‍ യാത്ര ചെയ്ത മേഖലകളുമായും തിരുവനന്തപുരവുമായും എനിക്ക് ബന്ധപ്പെടേണ്ടി വന്നിട്ടുണ്ട്. ഇതിനിടയില്‍ എനിക്ക് ഓര്‍മയിലില്ലാത്ത പല ആളുകളുമുണ്ട്. പലരും പല കാര്യങ്ങള്‍ക്കും എന്നെ ബന്ധപ്പെട്ടിട്ടുണ്ട്.

പലപ്പോഴും ദിവസം 150-200 കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ എന്നെ സ്നേഹിക്കുകയും സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്ത ഒരുപിടി സാധാരണക്കാരായ ആളുകള്‍ ഇതിലുള്‍പ്പെടുന്നു. ഇവരെല്ലാവരും വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണെമന്ന അഭ്യര്‍ത്ഥനയാണ് അദ്ദേഹം മുന്നോട്ട് വെച്ചത്.

എന്നാല്‍, പൊതുപ്രവര്‍ത്തകന്റെ യാത്രക്ക് 14 ദിവസത്തിന് ശേഷവും ഇയാളില്‍ നിന്ന് പകര്‍ന്ന പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിന്റെ ആശ്വാസത്തിലാണ് ആരോഗ്യ വകുപ്പ്്. കാസര്‍ഗോഡ് അടക്കം സഞ്ചരിച്ചരിച്ചതിനാല്‍ എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് കണ്ടെത്താനും ആരോഗ്യ വകുപ്പിനാകുന്നില്ല.

Content Highlight: Covid 19 confirmed Politician in Idukki, requested to take precautions

LEAVE A REPLY

Please enter your comment!
Please enter your name here