സംസ്‌കാരം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ; മതചടങ്ങുകള്‍ക്കും നിയന്ത്രണം

കൊച്ചി :കൊച്ചിയില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സുരക്ഷാക്രമീകരണങ്ങളോടെ സംസ്‌കരിക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സംസ്‌കാരം നടത്തുക. കുഴിച്ചിടുകയാണെങ്കില്‍ ആഴത്തില്‍ കുഴിച്ചിടുക അടക്കം പ്രത്യേക മാര്‍ഗനിര്‍ദേശമുണ്ട്. ഇതെല്ലാം പാലിച്ചാകും സംസ്‌കരിക്കുക. കൂടാതെ, സംസ്‌കാര ചടങ്ങില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ലെന്നും വീട്ടുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുണ്ട്.

കൊച്ചി മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശിയായ 69 കാരനാണ് കൊച്ചി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ മരിച്ചത്. ദുബായില്‍ നിന്നും ഈ മാസം 16 നാണ് ഇയാള്‍ നാട്ടിലെത്തുന്നത്. കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഈ മാസം 22 നാണ് അദ്ദേഹത്തെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്നത്. ഇതിനിടെ ഇദ്ദേഹത്തിന്റെ സ്രവപരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആണെന്ന് റിപ്പോര്‍ട്ട് ലഭിക്കുകയും ചെയ്തു.

തുടര്‍ന്ന് ഇദ്ദേഹത്തെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കടുത്ത ഹൃദ്രോഗിയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. ബൈപ്പാസ് ശസ്ത്രക്രിയയ്ക്കും ഇയാള്‍ വിധേയനായിരുന്നു. വൈറല്‍ ന്യൂമോണിയ രൂക്ഷമായതോടെ, ഇദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നുവെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ വ്യക്തമാക്കി. മുത്തം നല്‍കല്‍ അടക്കമുള്ള ചടങ്ങുകള്‍ അനുവദിക്കില്ലെന്ന് ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു. മരിച്ചയാളുടെ ഫ്ലാറ്റിലുണ്ടായിരുന്നവരെ മുഴുവന്‍ നിരീക്ഷണത്തിലേക്ക് മാറ്റി. ഇയാള്‍ക്കൊപ്പം സഞ്ചരിച്ച വിമാനയാത്രക്കാരെയും നിരീക്ഷിച്ചുവരികയാണ്.

Content Highlight: Funeral will conducted under Covid protocol

LEAVE A REPLY

Please enter your comment!
Please enter your name here