കൊവിഡ് പ്രതിരോധത്തിനായി രണ്ടാംഘട്ട കൊവിഷീല്‍ഡ് വാക്‌സിന്‍ സംസ്ഥാനത്ത് എത്തി

കൊച്ചി: സംസ്ഥാനത്ത് വിജയകരമായ ആദ്യഘട്ട കൊവിഡ് വാക്‌സിനേഷന് ശേഷം രണ്ടാംഘട്ടത്തിനായുള്ള വാക്‌സിനുകള്‍ കൊച്ചിയിലെത്തിച്ചു. 1,47,000 ഡോസ് കൊവിഷീല്‍ഡ് വാക്‌സിനാണ് രണ്ടാംഘട്ടത്തില്‍ എത്തിച്ചത്. കൊച്ചിക്ക് പുറമേ, കോഴിക്കോട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കും വാക്‌സിന്‍ എത്തിച്ചിട്ടുണ്ട്.

സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ് മാത്രമാണ് നിലവില്‍ സംസ്ഥാനത്ത് വിതരണം നടത്തുന്നത്. വാക്‌സിന്‍ സ്വീകരിച്ച ആര്‍ക്കും പാര്‍ശ്വഫലങ്ങളൊന്നും കാണിക്കാത്തതും ആശ്വാസകരമാണ്. രണ്ടാംഘട്ടത്തില്‍ എറണാകുളത്തിന് 12 ബോക്‌സ് വാക്‌സിനും, കോഴിക്കോടിന് ഒമ്പത് ബോക്‌സും, ലക്ഷദ്വീപിലേക്ക് ഒരു ബോക്‌സ് വാക്‌സിനുമാണ് അയച്ചിട്ടുള്ളത്.

2 മുതല്‍ 8 ഡിഗ്രി താപനിലയില്‍ സൂക്ഷിക്കുന്നതിനുള്ള വാക്കിങ് കൂളറിലാണ് വാക്‌സിന്‍ സംഭരിച്ചിരിക്കുന്നത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന റീജിയണല്‍ വാക്‌സിന്‍ സ്‌റ്റോറിലാണ് വാക്‌സിന്‍ സൂക്ഷിച്ചിരിക്കുന്നത്.

Content Highlights: Covid vaccine second batch reached Kochi