കൊവിഡിനെ ചെറുക്കാൻ റാപ്പിഡ് ടെസ്റ്റിനൊരുങ്ങി കേരളം

Kerala prepares to launch rapid testing

കൊവിഡ് 19ൻ്റെ വ്യാപനം നിയന്ത്രിക്കുന്നതിന് റാപ്പിഡ് ടെസ്റ്റ് നടത്താൻ ഒരുങ്ങുകയാണ് കേരളം. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ അനുമതി ലഭിച്ചതായാണ് റിപ്പോർട്ട്. സാമൂഹ്യ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയാൻ വളരെ ഫലപ്രദമായി നടത്താവുന്ന ടെസ്റ്റാണ് റാപ്പിഡ് ടെസ്റ്റ്. ബ്ലഡ് ഷുഗർ പരിശോധിക്കുന്നതിന് സമാനമായി രോഗലക്ഷണമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ചെയ്യാൻ കഴിയുന്ന റാപ്പിഡ് ടെസ്റ്റ് വഴി വൈറസ് മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചാല്‍ ഉണ്ടാകുന്ന ആൻ്റിബോഡികള്‍ കണ്ടെത്താൻ കഴിയും. നിമിഷങ്ങൾക്കകം റിസൾട്ട് ലഭിക്കുന്ന ഈ ടെസ്റ്റ് വൈറസ് ശരീരത്തില്‍ പ്രവേശിച്ച് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ ആളുകളിൽ മാത്രമെ നടത്താൻ സാധിക്കുകയുള്ളു. രോഗിയുള്ള സ്ഥലത്ത് വെച്ച് തന്നെ റാപ്പിഡ് ടെസ്റ്റ് ചെയ്യാം എന്നതുകൊണ്ട് തന്നെ രോഗ നിര്‍ണയത്തിന് ഇത് വളരെ എളുപ്പമാണ്.

ഇന്ത്യയിൽ ഇതുവരെ റാപ്പിഡ് ടെസ്റ്റ് നടത്തിയിട്ടില്ല. കേരളത്തിന് റാപ്പിഡ് ടെസ്റ്റ് നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി സംസാരിച്ചപ്പോള്‍ റാപ്പിഡ് ടെസ്റ്റിൻ്റെ കാര്യത്തില്‍ അനുമതി തേടിയിരുന്നു. ഐ.സി.എം.ആറിൻ്റേയും ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓഫ് ഇന്ത്യയുടേയും അനുമതി ലഭിക്കുന്ന പക്ഷം ഉടന്‍ തന്നെ റാപ്പിഡ് ടെസ്റ്റ് ആരംഭിക്കും.

content highlights: Kerala prepares to launch rapid testing