കൊവിഡ് പ്രതിസന്ധിയിൽ രാജ്യത്തിന് സഹായഹസ്തവുമായി ഹ്യൂണ്ടായും മാരുതി സുസുക്കിയും; ടെസ്റ്റിംഗ് കിറ്റുകളും വെൻ്റിലേറ്ററുകളും നൽകും

maruti and hyundai to supply ventilators and testing kits to fight against covid 19

കൊവിഡിനെ പ്രതിരോധിക്കാൻ രാജ്യത്തിന് സഹായഹസ്തവുമായി രംഗത്ത് വന്നിരിക്കുകയാണ് ഹ്യൂണ്ടായും മാരുതി സുസുക്കിയും. കൊറോണ വൈറസ് ബാധ കണ്ടെത്താൻ സഹായിക്കുന്ന 25000 കൊവിഡ് പരിശോധനാ കിറ്റുകൾ ദക്ഷിണ കൊറിയയിൽ നിന്ന് ഓർഡർ ചെയ്തിരിക്കുകയാണ് ഹ്യൂണ്ടായ്. കിറ്റുകൾ എത്തിക്കഴിഞ്ഞാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർദേശപ്രകാരം ഇവ ആശുപത്രികളിലെത്തിക്കാനാണ് തീരുമാനം.അതേ സമയം നിലവിലുള്ള അംഗീകൃത വെൻ്റിലേറ്റർ നിർമാതാക്കളായ അഗ്വ ഹെൽത്ത് കെയറുമായി സഹകരിച്ച് 10,000 വെൻ്റിലേറ്ററുകൾ നിർമ്മിക്കാൻ മാരുതി സുസുക്കി തീരുമാനിച്ചു.

നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന എല്ലാ വെൻ്റിലേറ്ററുകളുടെയും സാങ്കേതികവിദ്യ, പ്രകടനം എന്നിവയുടെ ഉത്തരവാദിത്തം അഗ്വ ഹെൽത്ത് കെയറിനാണ്. മാരുതി സുസുക്കി അതിൻ്റെ നിർമാണത്തിന് ആവശ്യമായ ഘടകങ്ങൾ ഉൽ‌പാദിപ്പിക്കുകയും, നിർമാണ ​രം​ഗത്തെ അറിവ് ഉപയോഗിച്ച് ഉയർന്ന അളവിലുളള ഉൽ‌പാദനത്തിനും ഗുണനിലവാര നിയന്ത്രണത്തിനുമായി സിസ്റ്റങ്ങൾ നവീകരിക്കുകയും ചെയ്യും.

നിലവിലുള്ള ഒമ്പത് വെൻ്റിലേറ്റർ നിർമ്മാതാക്കളുമായി സഹകരിച്ച് പ്രവർത്തിക്കാമോ എന്ന് സർക്കാർ വിവിധ കമ്പനികളോട് ചോദിച്ചിരുന്നു. അനുകൂലമായാണ് കമ്പനികളിൽ മിക്കവരും പ്രതികരിച്ചത്. തുടർന്ന് ഹ്യൂണ്ടായ്, ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ഫൗണ്ടേഷൻ വഴി ദക്ഷിണ കൊറിയയിൽ നിന്ന് കോവിഡ് -19 അഡ്വാൻസ്ഡ് ഡയഗ്നോസ്റ്റിക്സ് ടെസ്റ്റിംഗ് കിറ്റുകൾ ഇറക്കുമതി ചെയ്യാൻ തീരുമാനമെടുത്തു. കോവിഡ് -19 പ്രതിസന്ധിക്കെതിരായ ഇന്ത്യാ സർക്കാരിൻ്റെ ഉത്സാഹകരമായ പോരാട്ടത്തെ പിന്തുണയ്ക്കാൻ ഹ്യുണ്ടായ് ബാദ്ധ്യസ്ഥരാണെന്ന് ഹ്യുണ്ടായ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ എസ് എസ് കിം പറഞ്ഞു.

content highlights: maruti and hyundai to supply ventilators and testing kits to fight against covid 19