സംസ്ഥാനത്ത് 6 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗവിമുക്തി നേടിയവർ നാലുപേർ

pinarayi vijayan press meet

സംസ്ഥാനത്ത് ഇന്ന് ആറ് പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് രണ്ട്, കൊല്ലം, പാലക്കാട്, മലപ്പുറം, കാസർഗോഡ് എന്നിവടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടയത്ത് രണ്ടുപേർക്കും തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ഓരോരുത്തർക്കും രോഗം ഭേദമായി. കൊവിഡിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എൻട്രൻസ് പരീക്ഷ മാറ്റിവയ്ക്കുന്നതായും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 

നിലവിൽ 165 പേരാണ് ചികിത്സയിലുള്ളത്. ആകെ 1,34,370 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 1,33,750 പേർ വീടുകളിലും 620 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം 148 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 6067 സാംപിൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 5276 ഫലങ്ങൾ നെഗറ്റീവാണ്. 

കേരളത്തിലെ ആദ്യ കൊവിഡ് മരണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. സാമൂഹവ്യാപനം ഉണ്ടാകുന്നുണ്ടോ എന്ന് ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്നും ഇതിനായി പെട്ടെന്ന് ഫലം അറിയാൻ കഴിയുന്ന റാപ്പിഡ് ടെസ്റ്റുകൾ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. വെൻ്റിലേറ്റർ, എൻ95 മാസ്ക്, ഓക്സിജൻ സിലിണ്ടർ, കയ്യുറകൾ, ബയോ മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ നിർമാണത്തിനുള്ള നടപടികൾ ആരംഭിച്ചു. മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരം മദ്യം നൽകുമെന്നും വീട്ടിലിരിക്കുന്നവർക്ക് സമ്മർദ്ദം കുറയ്ക്കാൻ ഓൺലെെൻ കൌൺസിലിങ് തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. 

content highlights: pinarayi vijayan press meet