കൊച്ചി: കൊറോണ വൈറസ് മഹാമാരി സംസ്ഥാനത്തും പടര്‍ന്നതോടെ കണ്‍സ്ട്രക്ഷന്‍ സൈറ്റുകളടക്കം ജോലികള്‍ നിര്‍ത്തി വെച്ചിരുന്നു. തുടര്‍ന്ന് ലോക്ക് ഡൗണും പ്രഖ്യാപിച്ച സമയത്ത് തന്നെ അതിഥി തൊഴിലാളികളുടെ പൂര്‍ണ ഉത്തരവാദിത്തം കരാറുകാര്‍ ഏറ്റെടുക്കണമെന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നു. എന്നാല്‍, നിര്‍ദ്ദേശത്തിന് വിപരീതമായാണ് ലോക്ക്ഡൗണിന്റെ അഞ്ചാം ദിനത്തില്‍ പായിപ്പാടുണ്ടായ സംഭവം.
അതിഥി തൊഴിലാളികള്‍ റോഡിലിറങ്ങി പ്രതിഷേധിച്ചതില്‍ കരാറുകാര്‍ക്കെതിരെ നടപടി എടുക്കുമെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍ വ്യക്തമാക്കി. തിരികെ നാട്ടില്‍ പോകണമെന്ന ഇവരുടെ ആവശ്യം ലോക്ക്ഡൗണിനു ശേഷം മാത്രമേ പരിഗണിക്കാനാവൂ എന്ന നിലപാടിലാണ് മന്ത്രി. സംസ്ഥാന സര്‍ക്കാര്‍ അതിഥി തൊഴിലാളികള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളെല്ലാം ഉറപ്പുവരുത്തുന്നുണ്ട്. തൊഴിലാളികള്‍ക്ക് വേണ്ട താമസം, ഭക്ഷണം, വൈദ്യസഹായം തുടങ്ങി എല്ലാം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. അവര്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് ആവശ്യമായ സൗകര്യവും ലോക്ഡൗണ്‍ കാലയളവ് കഴിയുന്നതോടെ സര്‍ക്കാര്‍ ഒരുക്കുമെന്നും മന്ത്രി വി.എസ്.സുനില്‍ കുമാര്‍ അറിയിച്ചു.
അതിഥി തൊഴിലാളികള്‍ 45,855 പേര്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. കണക്കില്‍ പെടാത്ത കുറേ പേര്‍ ഉണ്ട്. നിലവില്‍ നടത്തിയ കണക്കെടുപ്പില്‍ അവര്‍ എണ്ണായിരത്തില്‍ അധികം പേരുണ്ടെന്ന് കണ്ടെത്തിയിരുന്നു. എറണാകുളം ജില്ലയിലെ അതിഥി തൊഴിലാളികളുടെ വിവരശേഖരണത്തിനായി ഒരു ടീമിനെ നിയോഗിച്ചിട്ടുണ്ട്. അവര്‍ ഒരു സര്‍വേ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അതു കൂടി കിട്ടിയാല്‍ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാകും. നിലവില്‍ ലേബര്‍ ഡിപ്പാര്‍ട്ട്മെന്റും പോലീസും ചേര്‍ന്ന് കാര്യങ്ങള്‍ ഭംഗിയായി നടത്തുന്നുണ്ടെന്നും സുനില്‍ കുമാര്‍ പറഞ്ഞു.
Content Highlight: Migrant Workers issue; Case charged against the contractors