ആഹാരവും യാത്രാ സൗകര്യവും വേണം: അതിഥി തൊഴിലാളികള്‍ പായിപ്പാട് റോഡ് ഉപരോധിച്ചു

പായിപ്പാട്: ലോക്ക് ഡൗണ്‍ വിലക്ക് ലംഘിച്ച് ചങ്ങനാശ്ശേരി പായിപ്പാട് അതിഥി തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു. നൂറകണക്കിന് തൊഴിലാളികളാണ് പ്രതിഷേധവുമായി റോഡില്‍ തടിച്ചുകൂടിയത്. ഭക്ഷണമോ യാത്രാ സൗകര്യങ്ങളോ കിട്ടുന്നില്ലെന്നാണ് ഇവരുടെ പരാതി.

കൊവിഡ് വന്നതോടെ ജോലി നഷ്ടമായി. തീര്‍ത്തും പരിമിതമായ സാഹചര്യങ്ങളില്‍ താമസിക്കുന്ന തൊഴിലാളികള്‍ക്ക് ആഹാരവും കൂടി കിട്ടാതായതോടെയാണ് പ്രതിഷേധവുമായി റോഡിലേക്ക് ഇറങ്ങിയത്. പായിപ്പാട് മേഖലയില്‍ മാത്രം പതിനായിരത്തോളം തൊഴിലാളികള്‍ താമസിക്കുന്നുണ്ടെന്നാണ് പഞ്ചായത്തിന്റെ കണക്ക് .കമ്യൂണിറ്റി കിച്ചന്‍ അടക്കമുള്ള സംവിധാനങ്ങളും ഇവിടെ ഫലം ചെയ്തില്ല. തൊഴിലുടമകള്‍ തൊഴിലാളുകളുടെ എണ്ണമോ കണക്കോ ഒന്നും കൈമാറാന്‍ തയ്യാറാകാത്തതും പ്രശ്‌നം വഷളാക്കി.

അതേസമയം, പായിപ്പാടിയിലെ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം കിട്ടുന്നില്ലെന്ന പരാതി തെറ്റെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഭക്ഷണം കിട്ടിയില്ലെന്ന ആക്ഷേപം ആരും പറഞ്ഞിട്ടില്ലെന്ന് കളക്ടര്‍ പറഞ്ഞു. അവര്‍ക്ക് പാകം ചെയ്ത ഭക്ഷണം വേണ്ടെന്ന് പറഞ്ഞ അടിസ്ഥാനത്തില്‍ ആവശ്യമായ സാധനങ്ങള്‍ എത്തിച്ച് നല്‍കിയിരുന്നു. നേരിട്ട് ക്യാമ്പുകള്‍ സന്ദര്‍ശിച്ചിരുന്നുവെന്നും അവരുടെ കയ്യില്‍ സാധനങ്ങളുണ്ടെന്നും കളക്ടര്‍ വിശദീകരിച്ചു. നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധമെന്നും കളക്ടര്‍ വിശദീകരിച്ചു.

Content Highlight: Migrate Workers strike Paytippadu Road