സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

CM Pinarayi Vijayan press meet

സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം, കാസർകോട് ജില്ലകളില്‍ രണ്ടു പേർ വീതവും കൊല്ലം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഓരോ ആൾക്ക് വീതവുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 215 ആയി. നിരീക്ഷണത്തിൽ ഇപ്പോഴുള്ളത് 1.69 ലക്ഷം പേരാണ്. വീടുകളിൽ 162471 പേരുണ്ട്. ആശുപത്രികളിൽ 658 പേർ നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 150 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 7485 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 6381 എണ്ണത്തിൽ രോഗബാധയില്ലെന്ന് ഉറപ്പായി. 

പോത്തൻകോട് സ്വദേശി അബ്ദുൾ റഷീദിന്‍റെ മരണത്തോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം രണ്ടായി. സമ്പര്‍ക്കം എവിടെ നിന്നാണെന്ന് വ്യക്തമല്ലെങ്കിലും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിസാമുദ്ദീനിലും മലേഷ്യയിലും നടന്ന തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയവർക്ക് രോഗബാധയുണ്ടോ എന്ന് പരിശോധിക്കും.  രോഗലക്ഷണം ഉള്ളവരുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും ലിസ്റ്റ് തയ്യാറാക്കും.

കാസർകോട് ജില്ലയിൽ 163 പേരും കണ്ണൂരിൽ 108 പേരും മലപ്പുറത്ത് 102 പേരും ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. കാസർകോട് ജില്ലക്ക് വേണ്ടി പ്രത്യേക ആക്ഷൻ പ്ലാൻ നടപ്പാക്കും. നാളെ മുതൽ റേഷൻ വിതരണം ആരംഭിക്കുവെന്നും നേരിട്ടെത്തി റേഷൻ വാങ്ങാൻ കഴിയാത്തവർക്ക് വീട്ടിലെത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

content highlights: CM Pinarayi Vijayan press meet