കൊവിഡ് 19; പട്ടിയുടേയും പൂച്ചയുടേയും മാംസ വിൽപനയിൽ പൂർണ നിരോധനം ഏർപ്പെടുത്തി ചെെനീസ് നഗരം

China's Shenzhen bans the eating of cats and dogs after coronavirus

ലോക രാജ്യങ്ങളിൽ മുഴുവൻ വ്യാപിച്ച കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ട ചെെനീസ് നഗരത്തിൽ ഇനി വന്യജീവികളുടെ ഇറച്ചി വിൽപ്പന ഉണ്ടാവില്ല. പട്ടിയുടേയും പൂച്ചയുടേയും ഉൾപ്പടെ മാംസം വിൽക്കുന്നതിന് നിരോധനം ഏർപ്പെടുത്തിരിക്കുകയാണ് ചെെനീസ് നഗരമായ ഷെൻസൻ. മെയ് ഒന്നു മുതൽ നിയമം നിലവിൽ വരും. കൊവിഡുള്‍പ്പെടെ ഭാവിയില്‍ വരാനിടയുള്ള മഹാമാരികളെ തടുക്കുന്നതിൻ്റെ ഭാഗമായാണ് നടപടി.

ചെെനയിലെ വുഹാനിൽ ആണ് കൊവിഡ് 19 ആദ്യം റിപ്പോർട്ട് ചെയ്തത്. ഈ നഗരത്തിലെ ഇറച്ചിക്കടയിൽ നിന്നാണ് കൊവിഡിന് കാരണമായ കൊറോണ വെെറസിൻ്റെ ഉത്ഭവം എന്നുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. വുഹാൻ പോലെ തന്നെ വന്യജീവികളുടെ ഇറച്ചിക്ക് പ്രശസ്തമാണ് ഷെന്‍സന്‍ നഗരം. നേരത്തെ കൊവിഡ് പടര്‍ന്നു പിടിച്ച ഘട്ടത്തില്‍ ഷെന്‍സന്‍ നഗരത്തില്‍ വന്യജീവികളുടെ ഇറച്ചി വില്‍പന താത്കാലികമായി നിരോധിച്ചിരുന്നു. പൂർണ നിരോധനം ഏർപ്പെടുത്തുന്നത് ഇപ്പോഴാണ്.

പല്ലി വർഗത്തിലെ ജീവികൾ, വവ്വാൽ, പാമ്പ്, മരപ്പട്ടി തുടങ്ങി ഒരുപാട് വന്യജീവികളുടെ മാംസം വൻതോതിൽ ഇവിടെ വിറ്റിരുന്നു. പട്ടികളും പൂച്ചകളും മനുഷ്യരുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണെന്നും അതുകൊണ്ട് തന്നെ ഇവരുടെ മാംസം ഉപയോഗിക്കുന്നതിൽ നിരോധനം ഏർപ്പെടുത്തുന്നത് വികസിത രാജ്യങ്ങളിൽ സാധാരണമായ കാര്യമാണെന്നും ഷെൻസൻ സർക്കാർ അറിയിച്ചു. 

content highlights: China’s Shenzhen bans the eating of cats and dogs after coronavirus