സംസ്ഥാനത്ത് ഇന്ന് 21 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 21 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ എട്ടുപേർ കാസർഗോഡ് ജില്ലക്കാരാണ്. ഇടുക്കിയിൽ 5 പേർക്കും കൊല്ലത്ത് രണ്ട് പേർക്കും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണു രോഗം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ 286 പേർ കൊവിഡ്  സ്ഥിരീകരിച്ചവരാണ്. 256 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. 1,65,934 പേർ നിരീക്ഷണത്തിലാണ്. 1,65,291 പേർ വീടുകളിലും 643 പേർ ആശുപത്രികളിലുമാണ്. ഇന്ന് 8456 സാംപിളുകൾ അയച്ചു. 7622 എണ്ണം നെ​ഗറ്റീവായെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു

ഇതുവരെ രോഗബാധിതരായവരിൽ 200 പേർ വിദേശത്തുനിന്ന് എത്തിയവരാണ്. അതിൽ ഏഴ് പേർ വിദേശികളാണ്. രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടതുവഴി 76  പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിസാമുദ്ദീനിലെ സമ്മേളനത്തിൽ പങ്കെടുത്തു തിരിച്ചെത്തിയ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇടുക്കിയിലെ രോഗബാധിതയായ അധ്യാപികയുടെ ഏഴ് വയസുള്ള മകനും കൊല്ലത്ത് വിദേശത്തു നിന്നും വന്ന 27 വയസുളള ഗർഭിണിയായ യുവതിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം 28 പേർക്ക് രോഗം ഭേദമായി. 

content highlights: CM Pinarayi Vijayan press meet