കൊവിഡ് വ്യാപനം തടയുന്നതിൻ്റെ ഭാഗമായി ജൂൺ 30 വരെ ച്യൂയിംഗത്തിന് നിരോധനം ഏർപ്പെടുത്തി ഹരിയാന സർക്കാർ. പൊതു സ്ഥലങ്ങളിൽ ച്യുയിംഗം തുപ്പുന്നത് വൈറസ് വ്യാപനത്തിന് ഇടയാക്കുമെന്ന സാഹചര്യത്തിലാണ് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. ശരീര സ്രവങ്ങളിലൂടെയാണ് കൊവിഡ് പകരുന്നത് എന്നതിനാൽ ഒരാൾ തുപ്പിയ ച്യുയിംഗത്തിലൂടെ മറ്റൊരാൾക്ക് വെെറസ് പകരാനുള്ള സാധ്യതയുണ്ടെന്ന് ഫുഡ് ആൻ്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വകുപ്പ് അറിയിച്ചിരുന്നു.
ഏകദേശം 13000 ആളുകളാണ് കൊവിഡ് ബാധയുമായി ബന്ധപ്പെട്ട് ഹരിയാനയിൽ നിരീക്ഷണത്തിലുള്ളത്. പുകയില, പാൻ മസാല തുടങ്ങിയവയുടെ ഉപയോഗം കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഹരിയാന സർക്കാർ നിരോധിച്ചതാണ്. എന്നാൽ കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ എവിടെയെങ്കിലും നിരോധിച്ച വസ്തുക്കളുടെ നിർമ്മാണമോ വിതരണമോ നടക്കുന്നുണ്ടോ എന്ന് കണ്ടെത്തി കർശന നടപടി എടുക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. കൊറോണ വൈറസ് പടരുന്നത് തടയാൻ ഉത്തർപ്രദേശ് സർക്കാർ പാൻ മസാലയുടെ നിർമ്മാണവും വിൽപ്പനയും നേരത്തെ തന്നെ നിരോധിച്ചിരുന്നു.
content highlights: Haryana govt bans sale of chewing gum till June 30 to check spread of coronavirus