രോഗികളല്ലാത്തവർ പുറത്തു പോകുമ്പോൾ നിർബന്ധമായും വീടുകളിൽ നിർമിച്ചതും പുനഃരുപയോഗിക്കാവുന്നതുമായ മാസ്കുകൾ ധരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങളും മന്ത്രാലയം പുറത്തുവിട്ടു.
ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിലുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. മൂക്കും വായും മറയുന്ന വിധത്തിലുള്ള മാസ്‌കാണ് ഉപയോഗിക്കേണ്ടത്. അതേസമയം രോഗബാധിതരോ ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉള്ളവരോ വീടുകളിൽ നിര്‍മിച്ച മാസ്‌ക് ഉപയോഗിക്കരുതെന്നും മന്ത്രാലയം നിർദ്ദേശിച്ചു.
ആരോഗ്യ പ്രവർത്തകരും കോവിഡ് രോഗികളുമായി ഇടപഴകുന്നവരും സുരക്ഷാക്രമീകരണങ്ങളോടു കൂടിയ മാസ്ക് തന്നെ ഉപയോഗിക്കണം. ഒരാള്‍ ഉപയോഗിച്ച മാസ്‌ക് മറ്റൊരാള്‍ ഉപയോഗിക്കാന്‍ പാടില്ല. ഒരേ കുടുംബത്തിലുള്ളവരാണെങ്കിലും ഓരോരുത്തരും വെവ്വേറെ മാസ്‌ക് ഉപയോഗിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. ഇതിനായി വീട്ടില്‍ ലഭ്യമായ വൃത്തിയുള്ള തുണി ഉപയോഗിച്ച് മാസ്‌ക് നിര്‍മിക്കുന്നതെങ്ങനെയെന്ന കാര്യവും മാര്‍നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.
കോവിഡ് 19 രോഗികളും അവരുമായി അടുത്ത് ഇടപഴകുന്നവരും മാത്രം മാസ്‌ക് ധരിച്ചാല്‍ മതിയെന്നായിരുന്നു നേരത്തെ ആരോഗ്യവകുപ്പിൻ്റെ നിര്‍ദേശം. എന്നാല്‍ പുതിയ പഠനങ്ങളുടെ പശ്ചാത്തലത്തിലാണ് വീടിനു പുറത്തിറങ്ങുന്ന എല്ലാവരും മാസ്‌ക് ധരിക്കണമെന്ന നിർദ്ദേശം.
content highlights: Coronavirus India: Amid COVID-19 Worry, Government’s DIY Steps For Homemade Masks