രാജ്യത്ത് കൊവിഡ് മരണം 68 ആയി; 24 മണിക്കൂറിനിടെ  600 പേർക്ക് കൊവിഡ്

India's covid 19 death toll rises to 68 

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 68 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 600 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒറ്റ ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. ഡല്‍ഹി, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നി സംസ്ഥാനങ്ങളില്‍ നിന്നാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 2902 ആയി.

ഇന്ന് മാത്രം ഒൻപത് പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. മധ്യപ്രദേശിൽ നാലും, കർണാടക, രാജസ്ഥാൻ, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ ഓരോ മരണവും റിപ്പോർട്ട് ചെയ്തു. മരണസംഖ്യ മഹാരാഷ്ട്രയിൽ 27 ആയി ഉയർന്നു. കർണാടകയിലെ ബാഗൽകോട്ടിലും, രാജസ്ഥാനിലെ ബിക്കാനീറിലും മരിച്ചവർക്ക് എവിടെ നിന്നാണ് രോഗം വന്നതെന്ന് വ്യക്തമല്ല.

ഡൽഹിയിൽ 24 മണിക്കൂറിനിടെ 167 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഡൽഹിയിലെ രോഗബാധിതരുടെ എണ്ണം 386 ആയി. ഇതില്‍ 250 പേര്‍ നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. തമിഴ്നാട്ടിൽ ഇന്നലെ 104 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇവിടെ 400 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മഹാരാഷ്ട്രയിലാണ്. രോഗബാധിതരുടെ എണ്ണം 537 ആയി. 

മുംബൈ വിമനത്താവളത്തിൽ ജോലി ചെയ്യുന്ന 11 സിഐഎസ്എഫ് ജവാന്മാർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ 142 പേരെ നിരീക്ഷണത്തിലാക്കി. മുംബൈയിൽ മാത്രം രോഗബാധിതർ 300 ആയി. ജമ്മുകശ്മീരില്‍ ഇന്ന് മൂന്ന് കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 78 ആയി. ജമ്മുകശ്മീരിൽ 34 പ്രദേശങ്ങൾ റെഡ് സോണുകൾ ആയി പ്രഖ്യാപിച്ചു. വരും മണിക്കൂറിൽ പോസിറ്റീവ് കേസുകൾ മൂവായിരം കവിഞ്ഞേക്കുമെന്ന് ഉറപ്പായ സാഹചര്യത്തിൽ കർശന ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങളോട് ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. 

content highlights: India’s covid 19 death toll rises to 68