ഒരുമയുടെ ദീപം ഇന്ന് രാത്രി 9 മണിക്ക് 9 മിനിറ്റ്; വീണ്ടും ഓര്‍മ്മിപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് 19 പ്രതിരോധ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് ആഹ്വാനം ചെയ്ത ദീപം തെളിക്കല്‍ ഇന്ന് രാത്രി ഒമ്പത് മണിക്ക്. ഒമ്പത് മിനിറ്റ് നേരം എല്ലാവരും ലൈറ്റുകളെല്ലാം അണച്ച് ദീപം തെളിക്കണമെന്ന് പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും ട്വീറ്ററിലൂടെ വീണ്ടും ഓര്‍മ്മിപ്പിച്ചു. കോവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യത്താകെ ഒരുമയുടെ സന്ദേശം പകരാനാണ് പ്രധാനമന്ത്രിയുടെ ദിയാ ജലാവോ ക്യാമ്പെയിന്‍.

ജനതാ കര്‍ഫ്യൂവിന് കിട്ടിയ ജനപിന്തുണ ദീപം തെളിക്കലിലും പ്രകടമാകുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ. പാത്രം കൊട്ടി ജനം തെരുവിലിറങ്ങിയതിന്റെ അപകടം മുന്നില്‍ കണ്ടിട്ടെന്ന വിധം ആരും വീടിന് പുറത്തിറങ്ങി ദീപം തെളിക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. കോവിഡിനെ ചെറുക്കാന്‍ ക്രിയാത്മക നടപടികളാണ് വേണ്ടത് അതല്ലാതെ പ്രധാനമന്ത്രിയുടെ നാടകമല്ലെന്ന് കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ ഓര്‍മ്മിപ്പിക്കുന്നു.

കഴിഞ്ഞ 12 മണിക്കൂറിനിടെ രാജ്യത്ത് 392 പുതിയ കേസുകള്‍ കൂടി റിപ്പോര്ട്ട് ചെയ്തു. തമിഴ്നാട്, ഗുജറാത്തിലെ സൂററ്റ്, പുനെ എന്നിവിടങ്ങളിലായി കഴിഞ്ഞ 12 മണിക്കൂറിനിടെ 9 പേരാണ് മരിച്ചത്. 21 നും നാല്‍പതിനുമിടയില്‍ പ്രായമായവരില്‍ രോഗ നിരക്ക് കൂടുന്നുവെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.

Content Highlight: PM remembered again about the lamp lightening