കൊവിഡ് ബാധിച്ച് ന്യൂയോർക്കിൽ നാല് മലയാളികൾ കൂടി മരിച്ചു. കൊട്ടാരക്കര കരിക്കം സ്വദേശി ഉമ്മൻ കുര്യൻ (70), പിറവം പാലച്ചുവട് പാറശേരിൽ കുര്യാക്കോസിൻ്റെ ഭാര്യ ഏലിയാമ്മ കുര്യാക്കോസ്, (61), ജോസഫ് തോമസ്, ശിൽപാ നായർ എന്നിവരാണ് മരിച്ചത്. ഇതോടെ അമേരിക്കയിൽ മരിച്ച മലയാളികളുടെ എണ്ണം ഒൻപതായി.
ന്യൂയോർക്ക് മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി ഉദ്യോഗസ്ഥനായിരുന്ന തൊടുപുഴ മുട്ടം ഇഞ്ചനാട്ട് തങ്കച്ചൻ, ന്യൂയോർക്കിൽ നഴ്സായിരുന്ന തിരുവല്ല കിഴക്കുംമുറി ഗ്രേസ് വില്ലയിൽ ഏലിയാമ്മ, ന്യൂയോർക്കിലെ എൽമണ്ടിൽ ബിസിനസ് നടത്തുന്ന തിരുവല്ല വളഞ്ഞവട്ടം വലിയ പറമ്പിൽ തൈക്കടവിൽ സജി ഏബ്രഹാമിൻ്റെ മകൻ ഷോൺ എസ്. ഏബ്രഹാം, പത്തനംതിട്ട ഇലന്തൂർ സ്വദേശി തോമസ് ഡേവിഡ്, പത്തനംതിട്ട സ്വദേശി കുഞ്ഞമ്മ എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ യുഎസിൽ മരണമടഞ്ഞിരുന്നു. ബ്രിട്ടണിലും ഒരു മലയാളി മരിച്ചിട്ടുണ്ട്. അതേസമയം, അമേരിക്കയിൽ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു. ന്യൂയോർക്കിലെ മരണസംഖ്യയിൽ നേരിയ കുറവുണ്ടെന്ന് ഗവർണർ പറഞ്ഞിരുന്നു.
content highlights: 4 more Malayalees died in America