ഡൽഹിയിൽ നടന്ന തബ്ലീഗ് മതസമ്മേളനത്തിൽ പങ്കെടുത്ത വനിതകൾ തമിഴ്നാട്ടിൽ തിരിച്ചെത്തിയെന്നും മതപ്രബോധനത്തിനായി വിവിധ വീടുകളിൽ താമസിച്ചിട്ടുണ്ടെന്നും റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണ ഏജൻസികൾ സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പള്ളിയിൽ താമസിക്കുക എന്ന പുരുഷന്മാരുടെ രീതിയിൽ നിന്നു വ്യത്യസ്തമായി ചെല്ലുന്ന സ്ഥലങ്ങളിലെ വീടുകളിൽ അതിഥികളായി താമസിച്ചാണ് സ്ത്രീകൾ മതപ്രബോധനം നടത്തിയതെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരം. നിരവധി വീടുകളിൽ ദിവസങ്ങളോളം കഴിഞ്ഞതിനാൽ രോഗവ്യാപന സാധ്യത ഏറെയുണ്ടെന്നാണ് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാണിക്കുന്നത്.
ഇങ്ങനെ താമസിച്ച ആളുകളെ കണ്ടെത്താൻ ജില്ലാ പൊലീസ് മേധാവിമാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. തബ്ലീഗ് ജമാഅത്തിൻ്റെ കോർഡിനേറ്ററുമായി ബന്ധപ്പെട്ട് മുഴുവൻ വനിതാ പ്രചാരകരെ കണ്ടെത്തുവാനും ഇവർ താമസിച്ച സ്ഥലങ്ങളും വീടുകളും കണ്ടെത്തി ഐസലേഷനിലാക്കാനുമാണ് ഇപ്പോൾ സർക്കാരിൻ്റെ ശ്രമം. തമിഴ്നാട്ടിൽ നിന്നു മതസമ്മേളനത്തിൽ പങ്കെടുത്ത സ്ത്രീകൾക്കാർക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല എന്നത് ആശ്വാസം പകരുന്നുണ്ട്. അതേസമയം സമ്മേളനത്തിൽ പങ്കെടുത്ത് തമിഴ്നാട്ടിൽ എത്തിയ ശേഷം ഒളിവിലായിരുന്ന പത്ത് മലേഷ്യൻ സ്വദേശികളെ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. തെങ്കാശി, തേനി എന്നിവടങ്ങളിൽ ഇവർ പ്രദേശിക പ്രാർത്ഥനാ ചടങ്ങുകൾ നടത്തിയതായാണ് റിപ്പോർട്ട്.
content highlights: Alert issued on women who attended Tablighi meet