രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കർശന നിർദ്ദേശങ്ങളുമായി കേന്ദ്ര സർക്കാർ. കൊവിഡ് ബാധിതർ ഏറെയുള്ള ജില്ലകൾ അടച്ചിടാൻ നിർദ്ദേശം നൽകി. രാജ്യത്തെ 82 ശതമാനത്തിലധികം രോഗികളുമുള്ള 62 ജില്ലകൾ അടച്ചിടാനാണ് തീരുമാനം. ഇതിൽ കേരളത്തിലെ ഏഴ് ജില്ലകളും ഉൾപ്പെടും. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളാണ് കേരളത്തിലെ ഹോട്ട്സ്പോട്ടുകൾ. രാജ്യത്താകെ 274 ജില്ലകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാർച്ച് 22നു ശേഷം മൂന്നിരട്ടിയായി രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് കർശന നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. കൂടാതെ കൊവിഡ് ചികിത്സാ വസ്തുക്കളുടെ നിര്‍മ്മാണം വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്ത രണ്ട് മാസത്തേക്ക് 2.7 കോടി എൻ95 മാസ്ക്കുകൾ വേണ്ടിവരും. 16 ലക്ഷം പരിശോധനാ കിറ്റുകൾ തയാറാക്കാനും 50,000 വെൻ്റിലേറ്ററുകൾ ഒരുക്കണമെന്നും ഉൽപാദകർക്ക് നിർദേശം നൽകിയിട്ടുണ്ട്.
content highlights: covid hotspots likely to remain shut down in India