കേരള-കർണാടക അതിർത്തി പ്രശ്നം പരിഹരിച്ചു; തലപ്പാടിയിൽ രോഗികളെ കടത്തിവിടും 

Agreement reached between K’taka, Kerala on opening border roads, Centre tells SC

കേരള-കർണാടക അതിർത്തി പ്രശ്നം പരിഹരിച്ചതായി കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളെ തലപ്പാടി വഴി കർണാടകയിലേയ്ക്ക് കടത്തി വിടാൻ തീരുമാനമായതായും അതിനുള്ള പ്രോട്ടോകോൾ നിശ്ചയിച്ചതായും കേന്ദ്ര സർക്കാർ പറഞ്ഞു. കേരളവും കർണാടകവും തമ്മിലുള്ള അതിർത്തി പ്രശ്നം പരിഹരിച്ചതായി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചത്. രോഗികളെ കടത്തിവിടുന്നതിൽ മാർഗരേഖ തയ്യാറാക്കിയെന്നും തുഷാർ മേത്ത കോടതിയെ അറിയിച്ചു. കേരള, കർണാടക ചീഫ് സെക്രട്ടറിമാരുടെ സംയുക്ത യോഗത്തിലാണ് തർക്കത്തിന് പരിഹാരമുണ്ടായത്. കേന്ദ്രത്തിൻ്റെ വിശദീകരണത്തെ തുടർന്ന് കേസ് കോടതി തീർപ്പാക്കി. 

കൊവിഡ് പശ്ചാത്തലത്തിൽ അതിർത്തികൾ അടച്ചുള്ള കർണാടകയുടെ നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് കാണിച്ച് കേരളം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. അതിർത്തി അടച്ചതിനെ തുടർന്ന് എട്ട് പേരാണ് ചികിത്സ കിട്ടാതെ മരിച്ചത്. തുടർന്ന് ഇരു സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാരെ വിളിച്ചിരുത്തി പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് സുപ്രിംകോടതി കേന്ദ്ര സർക്കാറിനോട് നിർദേശിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

content highlights: Agreement reached between K’taka, Kerala on opening border roads, Centre tells SC