മുംബെെ നഗരത്തിൽ സമൂഹ്യ വ്യാപനമോ? ആശങ്കയിൽ മഹാരാഷ്ട്ര

150 new COVID-19 patients in Maharashtra

മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം 1000 പിന്നിട്ടതോടെ ജനങ്ങൾ ആശങ്കയിലാണ്. ഇന്നലെ മാത്രം 150 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1018 ആയി. ഇതിൽ 642 രോഗികളും മുംബെെ നഗരത്തിൽ നിന്നാണ്. പൂണെയിൽ 159 രോഗികളും താനെയിൽ 87 രോഗികളുമുണ്ട്.

അതേസമയം മുംബെെ നഗരത്തിൽ സമൂഹ്യ വ്യാപനത്തിൻ്റെ സൂചനകൾ ഉയരുകയാണ്. വിദേശത്ത് പോകാത്തവരിലും രോഗികളുമായി ഇടപഴകാത്തവരിലും രോഗം കണ്ടെത്തി തുടങ്ങിയതോടെയാണ് മുംബൈയിൽ സാമൂഹിക വ്യാപനം ഉണ്ടായിട്ടുണ്ടെന്ന് ആരോഗ്യ പ്രവർത്തകർ കണക്കുകൂട്ടുന്നത്.

മുംബൈയിലെ ചേരികളിലും ജനസാന്ദ്രതയേറിയ ഇടങ്ങളിലുമാണ് ഇപ്പോൾ തുടർച്ചയായി കൊവിഡ് പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. മുംബൈ കോർപ്പറേഷനിലെ ഒരു വാർഡിൽ തന്നെ 75 കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യമുണ്ട്. വോർളി, ലോവർ പരേൽ, പ്രഭാദേവി എന്നിവിടങ്ങളിലാണ് വ്യപകമായി കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തത്. മത്സ്യത്തൊഴിലാളികളുടെ ചേരികളിൽ രോഗം അതിവേഗം വ്യാപിക്കുകയാണ്. 

അൻപതിലേറെ അരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കപ്പെടുത്തുന്നുണ്ട്. സാമൂഹ്യ വ്യാപനം ഉണ്ടായാൽ നിലവിലെ ആശുപത്രി കിടക്കകളും സംവിധാനങ്ങളും തികയാതെ വരും. അടിയന്തര സാഹചര്യം നേരിടാനായി കൂടുതൽ വെൻ്റിലേറ്ററുകളും പിപിഇ കിറ്റുകളും ലഭ്യമാക്കാൻ മഹാരാഷ്ട്ര സർക്കാർ ശ്രമം തുടങ്ങി.

content highlights: 150 new COVID-19 patients in Maharashtra