സൗദി അറേബ്യയില്‍ വരും ആഴ്ചകളിൽ രണ്ട് ലക്ഷം പേർക്ക് കൊവിഡ് ബാധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്. അടുത്ത കുറച്ച് ആഴ്ചക്കുള്ളിൽ 10000 മുതൽ 200000 വരെ ആളുകളിലേക്ക് കൊവിഡ് വ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നതെന്ന് സൗദി ആരോഗ്യ മന്ത്രി തൗഫിക് അല്‍ റാബിയ ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഇതുവരെ സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 41 പേരാണ്. 2795 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. രാജ്യത്ത് പ്രധാന നഗരങ്ങളായ റിയാദ്, തബൂക്ക്, ദമാം, ദഹ്‌രാന്‍, ഹോഫുഫ് എന്നിവടങ്ങളിൽ 24 മണിക്കൂറും മറ്റിടങ്ങളിൽ 15 മണിക്കൂറും കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ മക്കയിലുും മദീനയിലും കൊവിഡിൻ്റെ പശ്ചാത്തലത്തില്‍ സൗദി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മാര്‍ച്ചിലാണ് ഉംറ തീര്‍ത്ഥാടന യാത്ര സൗദി താല്‍ക്കാലികമായി വിലക്കിയത്. ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനാണ് രാജ്യം പ്രാധാന്യം നൽകുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
content highlights: Coronavirus cases in Saudi Arabia could reach 200,000 says health Minister