വ്യാജ പ്രചരണങ്ങള്‍ വേണ്ട; കൊവിഡ് കാലത്ത് വാട്‌സ്അപ്പിനും നിയന്ത്രണം ബാധകം

കൊറോണ കാലത്തെ നിയന്ത്രണങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കടുപ്പിക്കുന്നതിനൊപ്പം തന്നെ ഫോര്‍വേഡ് മെസ്സെജുകള്‍ നിയന്ത്രിച്ച് വാട്‌സ്അപ്പ്. വ്യാജ സന്ദേശങ്ങളുടെ പ്രചാരണത്തിന് അറിയാതെ പോലും ആരും കാരണക്കാരാകരുത് എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് വാട്‌സ്അപ്പ് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്.

കൊറോണ വൈറസ് സംബന്ധിച്ച് വ്യാജവാര്‍ത്തകള്‍ തടയുന്നതിന്റെ ഭാഗമായി കൂട്ടമായി സന്ദേശങ്ങള്‍ പ്രചരിക്കാതിരിക്കാന്‍ ഫോര്‍വേഡ് മെസേജുകളുടെ എണ്ണം വാട്സാപ്പ് ഒന്നാക്കി ചുരുക്കി. അതായത് ഇനിമുതല്‍ മെസേജുകള്‍ ഒരു സമയം ഒരൊറ്റ ചാറ്റിലേക്ക് മാത്രമെ ഫോര്‍വേഡ് ചെയ്യാനാകു. ഒരു സന്ദേശം അഞ്ച് പേര്‍ക്ക് ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കുന്ന രീതിയാണ് നിലവിലുള്ളത്.

അധികൃതരുടെ നിര്‍ദേശപ്രകാരമാണ് വാട്‌സാപ്പ് പുതിയ നിയന്ത്രണം കൊണ്ടുവരുന്നത്. പുതിയ ഫീച്ചര്‍ വരുന്നതോടെ വാട്‌സാപ്പ് ഫോര്‍വേഡ് മെസേജുകളുടെ എണ്ണത്തില്‍ കുറവുണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ്-19 ലോക്ക് ഡൌണ്‍ മൂലം നിരവധി ആളുകള്‍ പുറത്തിറങ്ങാതെ വീടുകളില്‍ തന്നെ കഴിയുന്നതിനാല്‍ വാട്‌സാപ്പ് ഫോര്‍വേഡിംഗിന്റെ അളവില്‍ ഗണ്യമായ വര്‍ദ്ധനവ് ആണുണ്ടായത് എന്ന് വാട്‌സാപ്പ് ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.

പുതിയ മാറ്റങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഒരു മെസേജ് ഒന്നിലധികം ആളുകള്‍ക്ക് ഫോര്‍വേഡ് ചെയ്യുന്നതിനെ നിയന്ത്രണങ്ങളുള്ളൂ. പകരം ഒരു മെസേജ് കോപ്പി ചെയ്യാനും വിവിധ ആളുകള്‍ക്ക് ടെക്സ്റ്റ്‌ബോക്‌സില്‍ പേസ്റ്റ് ചെയ്ത് അയയ്ക്കാനും കഴിയും. കൂടാതെ ഒന്നിലധികം തവണ ഫോര്‍വേഡ് ഓപ്ഷന്‍ ഉപയോഗിക്കാനുമാവും.

Content Highlight: Whats App update its feature to  forward message to one at a time