ന്യൂഡല്‍ഹി: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ആരോഗ്യസംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പാക്കേജിന് രൂപം നല്കി. ഇന്ത്യ കൊവിഡ് 19 അടിയന്തിര പ്രതികരണ, ആരോഗ്യമുന്നൊരു പാക്കേജ് എന്ന പേരിലുള്ള പദ്ധതി ജനുവരി 2020 മുതല്‍ മാര്‍ച്ച് 2024 വരെയായിരിക്കും നടപ്പിലാക്കുക. നൂറു ശതമാനം ചെലവും കേന്ദ്രം വഹിക്കുന്ന ഈ പദ്ധതി പ്രഖ്യാപിച്ചുകൊണ്ടുള്ള സര്‍ക്കുലറില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന് ഡയറക്ടര്‍ വന്ദന ഗുര്‍നാനിയാണ് ഒപ്പുവച്ചിട്ടുള്ളത്.
”പ്രതിരോധ, മുന്നൊരുക്ക സംവിധാനത്തെ സഹായിക്കുക, അവശ്യവസ്തുക്കളുടെ സംഭരണം, മരുന്നും മറ്റു വസ്തുക്കളുടെയും വാങ്ങല്‍, നിരീക്ഷണ സംവിധാനങ്ങള്‍ തയ്യാറാക്കല്‍, ലാബറട്ടറികളും ജൈവസുരക്ഷാ സംവിധാനവും” ഇതൊക്കെയാണ് പാക്കേജിന്റെ ലക്ഷ്യമെന്ന് സര്‍ക്കുലറില്‍ പറയുന്നു.
കേന്ദ്രത്തിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറി/പ്രിന്‍സിപ്പല്‍ സെക്രട്ടറി/കമ്മീഷണര്‍(ആരോഗ്യം) തുടങ്ങിയവരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള സര്‍ക്കുലറില്‍ ജൂണ്‍ 1, 2020 വരെയുള്ള ആദ്യ ഘട്ട ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. സര്‍ക്കുലര്‍ അനുസരിച്ച് മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുക. ജനുവരി 1, 2020 വരെ ആദ്യ ഘട്ടം, ജൂലൈ 2020 മുതല്‍ മാര്‍ച്ച് 2021 വരെ രണ്ടാം ഘട്ടം, ഏപ്രില്‍ 2021 മുതല്‍ മാര്‍ച്ച് 2024 വരെ മൂന്നാം ഘട്ടം.
ആദ്യ ഘട്ടം കൊവിഡ് 19നുമായി ബന്ധപ്പെട്ടാണ് തയ്യാറാക്കിയിട്ടുള്ളത്. കൊവിഡ് 19നു മാത്രമായുള്ള ആശുപത്രി, ഐസൊലേഷന്‍ ബ്ലോക്കുകള്‍ തയ്യാറാക്കല്‍, വെന്റിലേറ്റര്‍ സംവിധാനമുള്ള ഐസിയു, ഓക്സിജന്‍ സംവിധാനം, ലാബറട്ടറികള് സജ്ജീകരിക്കല്‍, ആവശ്യമായ കൂടുതല്‍ ജീവനക്കാരെയും ആരോഗ്യ സന്നദ്ധപ്രവര്‍ത്തകരെയും നിയമിക്കല്‍ എന്നിവയാണ് ഇപ്പോള്‍ നടപ്പാക്കുക. സര്‍ക്കാര്‍ ആശുപത്രികളും ആംബുലന്‍സുകളും കൊവിഡ് വൈറസ് മുക്തമാക്കാനും ഈ ഫണ്ട് ഉപയോഗിക്കാന്‍ കഴിയും.
Content Highlight: Central Government declares Covid 19 Emergency Package