സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൊവിഡ്; 13 പേർക്ക് നെഗറ്റീവ്

CM Pinarayi Vijayan press meet

സംസ്ഥാനത്ത് ഇന്ന് പന്ത്രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാസർഗോഡും കണ്ണൂരിലും നാല് പേർക്ക് വീതവും മലപ്പുറത്ത് രണ്ടുപേർക്കും കൊല്ലത്തും തിരുവനന്തപുരത്തും ഒരോരുത്തർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 11 പേർക്ക് സമ്പർക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചത്. ഒരാൾ വിദേശത്തു നിന്നും എത്തിയതാണ്. 13 പേരുടെ ഫലം നെഗറ്റീവായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

ഇതുവരെ 357 പേർക്കാണ് കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ചത്. 258 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. 1,36,195 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. വീടുകളിൽ 1,35,472 പേരും ആശുപത്രികളിൽ 723 പേരും നിരീക്ഷണത്തിലുണ്ട്. ഇന്ന് 153 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 11469 സാമ്പിളുകളിൽ രോഗബാധയില്ലെന്ന് ഉറപ്പാക്കി. 

സംസ്ഥാനത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ച് 100 ദിവസം പിന്നിട്ടു. കൊവിഡ് 19 ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന എട്ട് വിദേശികളുടെ ജീവൻ രക്ഷിച്ച് നാട്ടിലേക്ക് തിരിച്ചെത്തിക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ചികിത്സയിലുള്ളവരിൽ 69 വയസിന് മുകളിലുള്ളവർ 7.5 ശതമാനവും 20 ന് താഴെയുള്ളവർ 6.9 ശതമാനവുമാണ്. പരിശോധനാ സംവിധാനങ്ങൾ വർധിപ്പിക്കുമെന്നും  നാല് ദിവസം കൊണ്ട് പുതിയ നാല് ലാബ് സജ്ജീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

content highlights: CM Pinarayi Vijayan press meet