കൊവിഡ് 19: ചരിത്രത്തില്‍ ഇടംനേടി പെസഹാ ദിനാചരണം കാല്‍കഴുകല്‍ ശുശ്രൂഷയില്ലാതെ

കൊവിഡ് 19 ലോകത്താകമാനം വ്യാപിച്ചതോടെ വിശുദ്ധ വാരാചരണം വീടുകളില്‍ ഒതുക്കി വിശ്വാസികള്‍. നിയന്ത്രണങ്ങളുടെ ഭാഗമായാണ് ആരാധനാലയങ്ങളിലേക്കുള്ള വിശ്വാസികളുടെ പ്രവേശനം നിഷേധിച്ചത്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് അഞ്ച് പേരില്‍ കൂടുതല്‍ ദിവ്യബലിയില്‍ പങ്കെടുപ്പിക്കില്ലെന്ന് ക്രിസ്തീയ മേലധ്യക്ഷന്മാരും അറിയിച്ചിട്ടുണ്ട്.

കാല്‍കഴുകല്‍ ശുശ്രൂഷയോ വിശുദ്ധവാരത്തിലെ കുമ്പസാരമോ ഇല്ലാതെയാണ് ക്രൈസ്തവര്‍ പെസഹ ആചരിക്കുന്നത്. കുരിശുമരണത്തിനു മുമ്പ് ശിഷ്യന്‍മാര്‍ക്കൊപ്പം ക്രിസ്തു അന്ത്യ അത്താഴം കഴിച്ചതിന്റെ ഓര്‍മയിലാണ് പെസഹ ആചരിക്കുന്നത്. അന്ത്യ അത്താഴ വേളയില്‍ ക്രിസ്തു ശിഷ്യന്‍മാരുടെ കാലുകള്‍ കഴുകിയിരുന്നു. ഇതിന്റെ ഓര്‍മയ്ക്കായി ദേവാലയങ്ങളില്‍ നടത്തുന്ന കാല്‍കഴുകല്‍ ശുശ്രൂഷ ഇത്തവണ ഉണ്ടാവില്ല.

ചില വൈദികര്‍ ഇടവകാംഗങ്ങള്‍ക്ക് പ്രത്യേകമായി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീടുകളില്‍ അപ്പന്‍ മക്കളുടെയും മക്കള്‍ മാതാപിതാക്കളുടെയും കാലുകള്‍ കഴുകി ചുംബിക്കാന്‍ നിര്‍ദേശം നല്‍കിയവരുണ്ട്. പൊതു നിര്‍ദേശമില്ലെങ്കിലും പല പള്ളികളിലും ഇത്തരം രീതികള്‍ ചെയ്യുന്നുണ്ട്. പെസഹ ദിനത്തില്‍ വീടുകളില്‍ നടത്താറുള്ള അപ്പം മുറിക്കല്‍ ചടങ്ങ് വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണം. കുടുംബ കൂട്ടായ്മകളോ ബന്ധുക്കളുടെ ഒത്തുചേരലോ ഇതിന് വേണ്ട. ദുഃഖവെള്ളിയാഴ്ച ക്രൂശിതരൂപ ചുംബനവും കുരിശിന്റെ വഴിയും പരിഹാര പ്രദക്ഷിണവും ഉണ്ടാകില്ല.

Content Highlight: Monty Thursday prayers at Church with out mass gatherings