കൊവിഡ് 19 വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ലോക്ഡൗൺ 15 ദിവസത്തേക്ക് കൂടി നീട്ടി ഒഡീഷ സർക്കാർ. സംസ്ഥാനത്തെ വിവിധ വകുപ്പ് മന്ത്രിമാരുമായി മുഖ്യമന്ത്രി നവീൻ പട്നായിക് നടത്തിയ ചർച്ചയിലായിരുന്നു തീരുമാനം. വീഡിയോ സന്ദേശത്തിലൂടെയാണ് ലോക്ഡൗണ്‍ 15 ദിവസം കൂടി നീട്ടുന്ന കാര്യം അദ്ദേഹം അറിയിച്ചത്. കൊവിഡ് അതീവ ഗുരുതരമായി പടരുന്നതില്‍ തനിക്കുള്ള ആശങ്ക പങ്കുവെച്ച പട്നായിക് സ്കൂളുകള്‍ ജൂണ്‍ 17 വരെ തുറക്കില്ലെന്നും വ്യക്തമാക്കി. ഒഡിഷയിലേക്കുള്ള ട്രെയിൻ, വിമാന സർവീസുകൾ ഏപ്രിൽ 30 വരെ റദ്ദാക്കാൻ കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ലോക്ഡൗൺ നീട്ടാൻ തീരുമാനിക്കുന്ന ആദ്യ സംസ്ഥാനമാണ് ഒഡീഷ. കൊവിഡ് പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കിയ ലോക്ഡൗൺ ഏപ്രിൽ 14ന് അവസാനിക്കാൻ ഇരിക്കെയാണ് ഏപ്രിൽ 30 വരെ ഒഡീഷയിലെ ലോക്ഡൗൺ നീട്ടിയത്. ഒഡീഷയിൽ ഇതുവരെ 44 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2 പേർ കൊവിഡ് ബാധിച്ച് ഇവിടെ മരിച്ചിട്ടുണ്ട്.
content highlights: Odisha extends lockdown till April 30