ഇന്ത്യയിൽ സാമൂഹിക വ്യാപനം ഉണ്ടായതിൻ്റെ തെളിവുകളുമായി ഐസിഎംആർ

Second ICMR report on random sampling test results shows possible community transmission

ഇന്ത്യയിൽ സാമൂഹിക വ്യാപനം നടന്നിട്ടുണ്ടെന്ന സൂചനയുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസേര്‍ച്ച് റിപ്പോർട്ട്. സാമൂഹിക വ്യാപനം ഉണ്ടാവാൻ സാധ്യതയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള 5911 സാംപിളുകളാണ് ഐസിഎംആര്‍ ടെസ്റ്റ് ചെയ്തത്. ഇതിൽ 104 എണ്ണം പോസിറ്റീവ് കേസുകളായിരുന്നു. 20 സംസ്ഥാനങ്ങളിലെ 52 ജില്ലകളിലായി ഈ 104 പോസിറ്റീവ് കേസുകള്‍ വ്യാപിച്ച് കിടക്കുന്നതായാണ് ഐസിഎംആറിൻ്റെ കണ്ടെത്തൽ. ആദ്യഘട്ടത്തില്‍ ഐസിഎംആര്‍ നടത്തിയ പഠനത്തില്‍ സാമൂഹിക വ്യാപന സൂചനകളില്ല എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ രണ്ടാംഘട്ടത്തിലെ പഠനത്തില്‍ സാമൂഹിക വ്യാപന സാധ്യത വെളിവാക്കുന്ന പോസിറ്റീവ് കേസുകളാണ് കണ്ടെത്താന്‍ കഴിഞ്ഞത്. 

തീവ്രമായ ലക്ഷണങ്ങൾ കാണിക്കുന്നവരിലാണ് ഐസിഎംആർ പഠനം നടത്തിയത്. മാർച്ച് 14 മുമ്പ് നടത്തിയ ആദ്യ പഠനത്തിൽ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. മാര്‍ച്ച് 15നും 21നും ഇടയില്‍ 106 പേരില്‍ നടത്തിയ പഠനത്തില്‍ 2 പേര്‍ക്കെ കോവിഡ് സ്ഥിരീകരിക്കാന്‍ കഴിഞ്ഞുള്ളൂ. പിന്നീട് ഓരോ ഘട്ടത്തിലും കേസുകളില്‍ വലിയ വര്‍ധനവാണുണ്ടായത്. മാര്‍ച്ച് 22നും മാര്‍ച്ച് 28നും ഇടയില്‍ 2877 പേരില്‍ നടത്തിയ പഠനത്തില്‍ 48 പേരില്‍ രോഗം സ്ഥിരീകരിച്ചു. മാര്‍ച്ച് 29നും ഏപ്രില്‍ 2നും 2069 തീവ്രമായ രോഗലക്ഷണങ്ങളുള്ളവരില്‍ നടത്തിയ ടെസ്റ്റുകളില്‍ 54 എണ്ണം പോസിറ്റീവ് ആയിരുന്നു.

അതായത് 5911 തീവ്രരോഗലക്ഷണങ്ങളുള്ളവരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയപ്പോള്‍ അതില്‍ 104(1.8%) പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 40 കേസുകള്‍ക്ക്(39.2%) വിദേശയാത്രാ ചരിത്രമോ വിദേശികളുമായി സമ്പര്‍ക്കമോ ഇല്ല. 15 സംസ്ഥാനങ്ങളിലെ 36 ജില്ലകളില്‍ നിന്നാണ് ഈ 40 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 13 കേസുകള്‍ ഗുജറാത്തില്‍ നിന്നാണ്. തമിഴ്‌നാട് -5, മഹാരാഷ്ട്ര- 21, കേരളം- 1 എന്നിങ്ങനെയാണ് കണക്കുകൾ. 

content highlights: Coronavirus, Second ICMR report on random sampling test results shows possible community transmission