ഗള്‍ഫില്‍ കൊവിഡ് വ്യാപിക്കുന്നു; നിയന്ത്രണം ലംഘിച്ചാല്‍ കടുത്ത നടപടി; ഒമാനില്‍ ലോക്ക് ഡൗണ്‍

ഒമാന്‍: കൊറോണ വൈറസ് മരണം ആഗോളതലത്തില്‍ ഒരുലക്ഷത്തിലേക്കടുക്കുമ്പോള്‍ രോഗബാധിതര്‍ 16 ലക്ഷം കടന്നു. അമേരിക്കയിലും യൂറോപ്പിലമാണ് കൊവിഡ്-19 ഏറ്റവുമധികം നാശം വിതയ്ക്കുന്നത്. അമേരിക്കയില്‍ ഓരോ ദിവസവും രണ്ടായിരത്തിനടുത്ത് ആളുകളാണ് മരിക്കുന്നത്. യൂറോപ്പില്‍ കൂടുതല്‍ രാജ്യങ്ങളില്‍ മരണസംഖ്യ ഉയരുകയാണ്. നിലവില്‍ യൂറോപ്പിലും അമേരിക്കയിലും ഉള്ളത്ര രൂക്ഷമായ അവസ്ഥയില്ലെങ്കിലും ഗള്‍ഫ് മേഖലയിലും അനുദിനം സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്. ഗള്‍ഫിലെ എല്ലാ രാജ്യങ്ങളിലും കൊവിഡ് വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ട്.

ഗള്‍ഫ് മേഖലയിലാകെ രോഗബാധിതരുടെ എണ്ണം 10544 ആയി. വിവിധ രാജ്യങ്ങളിലായി മരിച്ചത് 71 പേരാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുണ്ടായത്. സൗദി അറേബ്യയിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷമായത്. 3287 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 44 പേരാണ് സൗദിയില്‍ മരിച്ചത്. യുഎഇയില്‍ രണ്ട് മലയാളികളടക്കം 12 പേര്‍ മരിച്ചു. രോഗബാധിതരുടെ എണ്ണം 2657. ഖത്തറില്‍ 2376 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. കുവൈറ്റില്‍ 910 പേര്‍ക്കു ബഹ്‌റയ്‌നില്‍ 855 പേര്‍ക്കും ഒമാനില്‍ 457 പേര്‍ക്കുമാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൊഴിലാളികളുടെ വേതനം വെട്ടിക്കുറയ്ക്കാന്‍ യുഎഇ സര്‍ക്കാര്‍ സ്വകാര്യ മേഖലയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഏകീകൃത തൊഴില്‍ കരാറും പുറത്തിറക്കിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് വേതനത്തോട് കൂടിയ അവധി, വേതനമില്ലാതെ മുന്‍കൂട്ടി അവധി നല്‍കുക, താത്കാലികമായി വേതനം വെട്ടിക്കുറയ്ക്കു തുടങ്ങിയ കാര്യങ്ങള്‍ സ്വീകരിക്കാനാണ് തൊഴിലുടമകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

എന്നാല്‍ നടപടികള്‍ പ്രതിസന്ധി മറികടക്കാനുള്ള താത്കാലിക നീക്കം മാത്രമാണെന്നാണ് യുഎഇ അധികൃതര്‍ പറയുന്നത്. തൊഴിലാളികളില്‍ സമ്മര്‍ദം ചെലുത്താത്തെ ഇരുവിഭാഗവും പരസ്പരം സമ്മതിച്ചാണ് കരാര്‍ ഉണ്ടാക്കേണ്ടതെന്ന് തൊഴിലുടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകും.

Content Highlight: Covid 19 spread in Gulf Countries, Lock down made mandatory