ധാരാവിയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ്; ആശങ്കയില്‍ മുംബൈ; അടുത്ത 10 ദിവസം നിര്‍ണായകം

മുംബൈ: ധാരാവിയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ വന്‍ ആശങ്കയിലായിരിക്കുകയാണ് മുംബൈ നഗരം. സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ടെങ്കിലും സമൂഹ വ്യാപന സാധ്യതയെ നഗരം തള്ളിക്കളയുന്നില്ല. ഇതേ വരെ 22 പേര്‍ക്കാണ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്.

രോഗം ബാധിച്ചവരുടെ വിവരം തായി ബ്രിഹാന്‍ മുംബൈ കോര്‍പറേഷനെ അറിയിച്ചു. ഇപ്പോള്‍ രോഗബാധ സ്ഥിരീകരിച്ചവരില്‍ അഞ്ചുപേരില്‍ രണ്ടുപേര്‍ നിസാമുദ്ദീനില്‍നിന്നും മടങ്ങിയെത്തിയവരാണ്. നിസാമുദ്ദീനില്‍നിന്നും മടങ്ങിയെത്തിയ ഇവര്‍ രാജീവ് ഗാന്ധി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നിരീക്ഷണത്തിലായിരുന്നു. പിന്നീട് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

മുംബൈയില്‍ ഇപ്പോള്‍ പ്രതിദിനം 200 മുതല്‍ 300 വരെ കേസുകള്‍ വരാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കേസുകള്‍ കുറയുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് പ്രഥാമിക വിലയിരുത്തലുകള്‍. അടുത്ത ദിവസങ്ങള്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകില്ലെന്നാണ് സൂചന. അടുത്ത 10 ദിവസത്തേക്ക് നിര്‍ണ്ണായകമാണ്. ഇറ്റലിയിലയോ ന്യൂയോര്‍ക്കിലയോ സമാനമായ സാഹചര്യം ഉണ്ടാകുമോ എന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഭയപ്പെടുന്നതായി ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം രാജ്യത്ത് കഴിഞ്ഞ 12 മണിക്കൂറിനിടെ 30 മരണം ആണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 547 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Content Highlight: Five more test corona positive in Dharavi, Mumbai