കൊവിഡ് 19; രാജ്യത്ത് 12 മണിക്കൂറിനിടെ 30 മരണം, ആകെ മരണം 199 ആയി

ഇന്ത്യയിൽ 12 മണിക്കൂറിനുള്ളിൽ 30 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് മരണസംഖ്യ 199 ആയി. പുതിയതായി 547 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയിൽ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6412 ആയി. ഇതില്‍ 5709 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 504 പേര്‍ക്ക് രോഗം ഭേദമായി.

അസമിൽ ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. സിൽച്ചാരിലെ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രോഗിയാണ് മരിച്ചത്. രാജ്യത്തെ 1100 ഇടങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങളും നിരീക്ഷണവും ഏർപ്പെടുത്താൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, തമിഴ്നാട്, തെലങ്കാന, മധ്യപ്രദേശ് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളും, ഡൽഹിയും പട്ടികയിലുണ്ട്. ധാരാവിയിൽ അഞ്ച് പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയിൽ കൊവിഡ് രോഗികളുടെ എണ്ണം 22 ആയി. 

അതേസമയം രാജ്യത്ത് കൊവിഡ് 19ൻ്റെ സാമൂഹിക വ്യാപനം ഉണ്ടായെന്ന് സൂചന നല്‍കുന്ന പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസേര്‍ച്ച് (ഐ.സി.എം.ആര്‍)പറഞ്ഞു. ഫെബ്രുവരി 15നും ഏപ്രില്‍ രണ്ടിനുമിടയില്‍ 5911 സാമ്പിളുകളാണ് ഐ.സി.എം.ആര്‍ ടെസ്റ്റ് ചെയ്തത്. ഇതിൽ അതില്‍ 104(1.8%) പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കാനായി. ഇതില്‍ 40 കേസുകള്‍ക്ക് (39.2%) വിദേശയാത്രാ ചരിത്രമോ വിദേശികളുമായോ സമ്പര്‍ക്കമോ ഇല്ല.

content highlights: India records 30 deaths and 547 new cases in 12 hours