രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യ പന്ത്രണ്ടും കേരളത്തില്‍

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ പന്ത്രണ്ടെണ്ണവും കേരളത്തില്‍. സംസ്ഥാനത്തെ മൂന്ന് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്.) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കിട്ടിയ ഈ അംഗീകാരം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം നല്‍കുന്നതാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

95 ശതമാനം പോയിന്റോടെ തിരുവനന്തപുരം കള്ളിക്കാട് ന്യൂ പ്രാഥമികാരോഗ്യ കേന്ദ്രം, 94 ശതമാനം പോയിന്റോടെ പാലക്കാട് കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രം, 93 ശതമാനം പോയിന്റോടെ തൃശൂര്‍ നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രം എന്നിവയാണ് പുതുതായി ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍.ക്യൂ.എ.എസ്. ബഹുമതി നേടിയത്. തിരുവനന്തപുരം ഒറ്റശേഖരമംഗലം പൂഴനാട് കുടുംബാരോഗ്യ കേന്ദ്രം അടുത്തിടെ 99 ശതമാനം പോയിന്റോടെ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം കാസര്‍കോട് കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രവും 99 ശതമാനം പോയിന്റ് കരസ്ഥമാക്കിയിരുന്നു.

സംസ്ഥാനത്തെ 64 സ്ഥാപനങ്ങളാണ് ഇതുവരെ എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയെടുത്തത്. രണ്ട് സ്ഥാപനങ്ങളുടെ ദേശീയതല പരിശോധനാ ഫലം ഇനിയും വരാനുണ്ട്. ഇതു കൂടാതെ 88 ആശുപത്രികളുടെ കൂടി സംസ്ഥാനതല പരിശോധന കഴിഞ്ഞ് ദേശീയതല പരിശോധനയ്ക്കായി കാത്തിരിക്കുകയാണ്.

12 സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യൂ.എ.എസ് അംഗീകാരം കരസ്ഥമാക്കിയ കണ്ണൂര്‍ ജില്ല ഒരു ഡസന്‍ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്. അംഗീകാരം നേടി എടുക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ജില്ലയായി മാറി.

Content Highlight: Kerala awarded first 12 positions in best PHCs over India