കൊവിഡ് വ്യാപനം; പഞ്ചാബില്‍ മെയ് 1 വരെ ലോക്ക് ഡൗണ്‍ നീട്ടി

ചണ്ഡീഗഡ്: കൊവിഡ്-19 ന്‍റെ വ്യാപനം തടയുന്നതിനായി പഞ്ചാബ് സർക്കാർ സംസ്ഥാനത്തേർപ്പെടുത്തിയ ലോക്ക് ഡൗൺ നീട്ടി. മെയ് ഒന്നുവരെ ലോക്ക് ഡൗൺ നീട്ടിയതായി പ്രത്യേക ചീഫ് സെക്രട്ടറി കെബിഎസ് സിദ്ധുവാണ് വ്യക്തമാക്കിയത്. ഇന്നുമുതൽ 21 ദിവസത്തേക്കാണ് സംസ്ഥാനം വീണ്ടും അടച്ചിടുന്നത്.

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗൺ പൂർത്തിയാകാൻ നാല് ദിനങ്ങൾ മാത്രമുള്ളപ്പോഴാണ് സംസ്ഥാന സർക്കാരിന്‍റെ തീരുമാനം. ദേര ബസിയിലെ ജവഹർപൂർ ഗ്രാമത്തിൽ ഇന്ന് 10 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ഗ്രാമത്തിലെ ആകെ രോഗബാധിരുടെ എണ്ണം 32 ആണ്. ജില്ലയിൽ 41 പേർക്കും കൊവിഡ് സ്ഥിരീകരിച്ചെന്ന് മൊഹാലി ഡെപ്യൂട്ടി കമ്മീഷണർ ഗിരീഷ് ദയാലൻ പറഞ്ഞു.

Content Highlight: Punjab extend lock down to May 1st