രാജ്യത്ത് കൊവിഡ് പ്രതിരോധത്തിനായുള്ള ലോക്ക് ഡൗണ്‍ രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടി. പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വിളിച്ച യോഗത്തിലാണ് തീരുമാനം ആയത്. നേരത്തെ പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് മഹാരാഷ്ട്ര, ഡല്‍ഹി, യു.പി, പഞ്ചാബ്, ഒഡീഷ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടിരുന്നു.. ഇത് സംബന്ധിച്ച വിശദമായ പുതിയ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കും. ചില മേഖലകള്‍ക്ക് ഇളവു നല്കാന് സാധ്യതയുണ്ട്.
മാസ്ക് ധരിച്ചാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും ചർച്ചയിൽ പങ്കെടുത്തത്. 24 മണിക്കൂറും ഫോണില്‍ ലഭ്യമായിരിക്കുമെന്നും കേന്ദ്രവും സംസ്ഥാനങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി മന്ത്രിമാരോട് പറഞ്ഞു. കൊവിഡ് വ്യാപനം പിടിച്ച് നിര്‍ത്താൻ ലോക്ക് ഡൗൺ കാര്യക്ഷമമായിരുന്നു എന്ന വിലയിരുത്തലാണ് യോഗത്തിൽ പൊതുവെ ഉണ്ടായിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
ഒറ്റയടിക്ക് ലോക്ക് ഡൗൺ പിൻവലിക്കുന്നതിനെ കേരള മുഖ്യമന്ത്രി പിണറായി വിജയനും പിന്തുണച്ചില്ല. ലോക്ക് ഡൗൺ പൂർണമായി പിൻവലിക്കാൻ സാഹചര്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ചയിൽ വ്യക്തമാക്കി. ഘട്ടംഘട്ടമായും മേഖല തിരിച്ചും ആയിരിക്കണം ലോക്ക് ഡൗൺ പിൻവലിക്കേണ്ടതെന്ന നിർദ്ദേശം സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വച്ചതായാണ് റിപ്പോര്‍ട്ടുകൾ.
content highlights: covid 19 lock down extended by two weeks in India