പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച തുടങ്ങി, ലാേക്ക് ഡൗണ്‍ നീട്ടിയേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ തുടരാന്‍ സാദ്ധ്യതയെന്ന് സൂചന നല്‍കി സര്‍ക്കാര്‍ വൃത്തങ്ങള്‍. ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ച ആരംഭിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ചര്‍ച്ച. ലോക്ക് ഡൗണ്‍ നീട്ടണമെന്നാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളുടെയും നിലപാട്. ഇരുപത് സംസ്ഥാനങ്ങളാണ് ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

ഒഡീഷയും പഞ്ചാബും ഇതിനോടകം ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചിട്ടുണ്ട് ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നാണ് കേരളത്തിന്റെ നിലപാട്. ലോക്ക് ഡൗണ്‍ നീട്ടുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും എന്ന റിപ്പോര്‍ട്ടും കേന്ദ്രത്തിന് മുന്നിലുണ്ട്. ഇതെല്ലാം പരിഗണിച്ചാവും കേന്ദ്രം തീരുമാനമെടുക്കുക. മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയ്ക്കുശേഷം കേന്ദ്രമന്ത്രി രാജ് നാഥ് സിംഗിന്റെ അദ്ധ്യക്ഷതയില്‍ ഉന്നതാധികാര സമിതിയും യോഗം ചേരും.

അതേസമയം, രോഗബാധ കുറഞ്ഞ ഇടങ്ങളില്‍ ഇളവ് നല്‍കാന്‍ സംസ്ഥാനങ്ങളെ അനുവദിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. പൊതുഗതാഗത സംവിധാനങ്ങള്‍ തല്‍ക്കാലം പുനസ്ഥാപിക്കേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. ലോക്ക് ഡൗണ്‍ കാലാവധി ഏപ്രില്‍ 14 നാണ് അവസാനിക്കുന്നത്. രണ്ടുദിവസത്തിനുള്ളില്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് ലോക്ഡൗണ്‍ കാര്യങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

Content Highlight: Lock down discussions were started with Chief Ministers and Prime Minister