കൊവിഡ് രോഗലക്ഷണങ്ങളില്ലാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്ന് യുഎഇ അംബാസഡര്‍; നടപടി പ്രവാസി ലീഗ് സെല്ലിന്റെ ഹര്‍ജിയില്‍

ന്യൂഡല്‍ഹി: കൊവിഡ് രോഗികളല്ലാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്ന് യുഎഇ അംബാസിഡര്‍ മുഹമ്മദ് അല്‍ ബന്ന. അതേ സമയം കൊവിഡ് ബാധിതരെ യുഎഇയില്‍ തന്നെ ചികിത്സിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം പ്രത്യേക വിമാനത്തില്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ തയ്യാറാണെന്നാണ് അംബാസിഡര്‍ വ്യക്തമാക്കിയത്.

കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ തിരികെ എത്തിക്കണമെന്ന് ആവപ്പെട്ടുള്ള കെ.എം.സി.സിയുടെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയവര്‍ക്കായി പ്രവാസി ലീഗല്‍ സെല്ലാണ് കോടതിയെ സമീപിച്ചത്.കൊവിഡ് മൂലമുള്ള ദുരിതാവസ്ഥയും യാത്രാനിയന്ത്രണം തുടര്‍ന്നാല്‍ പ്രവാസികളുടെ തിരിച്ചുവരവ് വൈകുമെന്നതും ചൂണ്ടിക്കാട്ടിയാണ് ഹരജി.

ഗള്‍ഫ് മേഖലയിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനായി സ്ഥാനപതിമാര്‍ക്ക് അടിയന്തര ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കറും അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്കയച്ച കത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാലുള്ള പ്രായോഗിക ബുദ്ധിമുട്ടുകളാണ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്

Content Highlight: UAE Ambassador agrees to bring back Indians from Gulf Countries