യുഎഇ യിലേക്ക് ഡോക്ടര്‍മാരെ അയയ്ക്കുന്നു എന്ന പ്രചരണം അടിസ്ഥാനരഹിതം: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് യുഎഇ യിലേക്ക് ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും പ്രത്യേക വിമാനത്തില്‍ അയക്കുന്നു എന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ എം.ഡി. ഡോ. കെ.പി. ഹുസൈന്‍ അങ്ങിനെ വാഗ്ദാനം നല്‍കി ദുബായ് ഹെല്‍ത്ത് അതോറിറ്റിക്ക് ഒരു കത്തയച്ച കാര്യം പുറത്തു വന്നിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് വസ്തുതകള്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖുദമിയെ അറിയിച്ചത്.

യു.എ.ഇ യിലേക്ക് മെഡിക്കല്‍ സംഘത്തെ അയക്കുമെന്ന വാഗ്ദാനവുമായി സംസ്ഥാന ഗവണ്മെന്റിന് ഒരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കത്തെഴുതിയ വ്യക്തിക്ക് സംസ്ഥാന സര്‍ക്കാരിന് വേണ്ടി സംസാരിക്കാനുള്ള ചുമതലയില്ല. ലോകം കോവിഡ് – 19 ന്റെ വെല്ലുവിളി ചെറുക്കാനുള്ള കഠിന പ്രയത്‌നത്തിലാണ്. ഇതില്‍ ഓരോ രാജ്യത്തിനും തങ്ങളുടേതായ മാര്‍ഗങ്ങള്‍ ഉണ്ട്. എല്ലാവരും ഒന്നിച്ച് നില്‍ക്കുമ്പോള്‍ത്തന്നെ ആവശ്യമായ പ്രോട്ടോകോള്‍ പാലിക്കേണ്ടതുമുണ്ട്. അതിനിടെ ഇത്തരമൊരു നീക്കം ഉണ്ടാകുന്നത് ശരിയല്ല. ഇത്തരം രീതികളെ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല.

യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള സവിശേഷ ബന്ധവും യു. എ. ഇ യിലെ മലയാളി സാന്നിധ്യവും മുഖ്യമന്ത്രി ഹുമൈദ് അല്‍ ഖുദമിക്ക് അയച്ചകത്തില്‍ എടുത്തുപറഞ്ഞു. കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ യു.എ.ഇ ഭരണാധികാരികള്‍ നടത്തുന്ന ഇടപെടല്‍ ശ്ലാഘനീയമാണ്. ഏതെങ്കിലും വിഷയത്തില്‍ ബന്ധപ്പെടല്‍ വേണമെങ്കില്‍ അത് ഔദ്യോഗിക സംവിധാനത്തിലൂടെയാണ് ഉണ്ടാവുക. സഹകരണം കൂടുതല്‍ ശക്തമായി തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Content Highlight: Pinarayi Vijayan reacts to fake news on medical team to UAE