ലോക്ക്ഡൗണ്‍ നീട്ടിയാലും ജനങ്ങള്‍ക്ക് സംരക്ഷണം; രാജ്യത്ത് 20 ലക്ഷം സുരക്ഷാ സ്റ്റോറുകള്‍ തുറക്കാന്‍ നിര്‍ദേശവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അവശ്യസാധനങ്ങള്‍ ലഭ്യമാക്കാന്‍ രാജ്യവ്യാപകമായി സുരക്ഷാ സ്റ്റോറെന്ന പേരില്‍ 20 ലക്ഷം റീട്ടെയില്‍ ഷോപ്പുകള്‍ ആരംഭിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ലോക്ഡൗണ്‍ നീട്ടുന്നതിന്റെ ഭാഗമായാണിത്. സാമൂഹിക അകലം പാലിക്കല്‍ അടക്കമുള്ള കടുത്ത നിയന്ത്രണങ്ങളോടെ, അടുത്ത 45 ദിവസത്തിനുള്ളില്‍ ഇത്രയും കടകള്‍ ആരംഭിക്കാനാണ് നീക്കം.

ലോക്ഡൗണ്‍ നീട്ടുന്നതടക്കമുള്ള സുപ്രധാന തീരുമാനങ്ങള്‍ വരാനിരിക്കെ, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ രാജ്നാഥ് സിംഗ്, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തുടങ്ങിയവര്‍ ഇന്ന് മുതല്‍ മന്ത്രാലയങ്ങളിലെ ഓഫീസിലെത്തും. ഉന്നത ഉദ്യോഗസ്ഥരുമെത്തും. ജൂനിയര്‍ ഉദ്യോഗസ്ഥര്‍ റൊട്ടേഷന്‍ ക്രമപ്രകാരവും ഓഫീസിലെത്തും. കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ശുദ്ധമായ കുടിവെള്ളം, ഭക്ഷണം, ടോയ്‌ലറ്റ് സൗകര്യം, ചികിത്സാ സൗകര്യം തുടങ്ങിയവ ഷെല്‍ട്ടര്‍ ക്യാമ്പുകളില്‍ ഒരുക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. അന്തര്‍സംസ്ഥാനമടക്കമുള്ള ചരക്ക് നീക്കത്തിന് രാജ്യത്ത് നിയന്ത്രണങ്ങളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വീണ്ടും വ്യക്തമാക്കി.

കൂടാതെ, ഒന്നു മുതല്‍ കോളേജ് തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ ലഭ്യമാക്കുന്നതിന് വെബ്സൈറ്റ് ആരംഭിക്കാന്‍ കേന്ദ്രമാനവവിഭവശേഷി മന്ത്രാലയം ശ്രമം തുടങ്ങി.

Content Highlight: Central Government to set 20 lakh retail shops all over India