രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 9152 ആയി; മരണ സംഖ്യ 308; 24മണിക്കൂറിനുള്ളില്‍ 35 മരണം

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 9152 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കാണിത്. ഇതുവരെ കൊവിഡ് ബാധിച്ച് 308 പേര്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 35 പേര്‍ മരിച്ചതായും 796 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 9,152 കേസുകളില്‍ 856 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസും മരണവും റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 1,985 ആയി വര്‍ധിച്ചു, 149 പേര്‍ മരിച്ചു. 217 പേര്‍ക്ക് രോഗംഭേദമായി. ഞായറാഴ്ച 134 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഡെല്‍ഹിയിലെ കൊവിഡ് രോഗികളുടെ എണ്ണം 1,154 ആയി. തമിഴ്നാട്ടില്‍ 1,075 രോഗികളില്‍ 11 പേര്‍ മരിച്ചു. 50 പേര്‍ രോഗമുക്തരായി ആശുപത്രിവിട്ടു. ഞായറാഴ്ച 96 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചതോടെ രാജസ്ഥാനിലെ കൊവിഡ് രോഗികളുടെ എണ്ണം 796 ആയി.

മധ്യപ്രദേശില്‍ 562, ഗുജറാത്തില്‍ 516, തെലങ്കാനയില്‍ 503 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് രോഗികളുടെ എണ്ണം. പശ്ചിമ ബംഗാളില്‍ ഞായറാഴ്ച കൊവിഡ് ബാധിച്ച രണ്ട് പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് മരണം ഏഴായി.

തിങ്കളാഴ്ച അഞ്ച് പേര്‍ കൂടി മരിച്ചതോടെ ഡല്‍ഹിയിലെ മരണസംഖ്യ 24 ആയി. മഹാരാഷ്ട്ര കഴിഞ്ഞാല്‍ കൂടുതല്‍ പേര്‍ രോഗമുക്തി നേടിയ രണ്ടാമത്തെ സംസ്ഥാനം കേരളമാണ്. കേരളത്തില്‍ ഇതുവരെ 179 പേര്‍ അസുഖം ഭേദമായി വീടുകളിലേക്ക് മടങ്ങി. അതേസമയം ആയിരത്തിലേറെ കൊവിഡ് രോഗികളുള്ള ഡല്‍ഹിയില്‍ രോഗം ഭേദമാകുന്നവരുടെ എണ്ണം വളരെ കുറവാണ്.

Content Highlight: Covid cases in India rises to 9,152