പ്രവാസികളെ ഉടൻ ഇന്ത്യയിൽ എത്തിക്കില്ലെന്ന് സുപ്രീം കോടതി; ഇപ്പോൾ എവിടെയാണോ അവിടെ തുടരണം

Supreme Court defers pleas seeking rescue of Indians stranded abroad

വിദേശത്ത് വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഇപ്പോൾ തിരികെ എത്തിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. ഇപ്പോൾ പ്രവാസികൾ എവിടെയാണോ അവിടെതന്നെ തുടരണമെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. വിദേശത്തുള്ളവരെ തിരിച്ചെത്തിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞു. ഇപ്പോൾ യാത്ര അനുവദിച്ചാൽ അത് സർക്കാർ നടപ്പാക്കുന്ന യാത്രാവിലക്കിന് എതിരാകുമെന്നും അതുകൊണ്ടു തന്നെ  കൊണ്ടുവരാനാകില്ലെന്നുമാണ് കേന്ദ്രം സുപ്രീം കോടതിയിൽ വാദിച്ചത്. കേസ് നാലാഴ്ചക്ക് ശേഷം പരിഗണിക്കുമെന്ന് വ്യക്തമാക്കിയ കോടതി സ്ഥിതി പഠിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കേന്ദ്രത്തിനോട് ആവശ്യപ്പെട്ടു. 

വിദേശത്തുനിന്ന് എത്തുന്നവരിലൂടെ രോഗം പടരാനുള്ള സാധ്യത മുന്നിൽ കണ്ടാണ് കേന്ദ്രസർക്കാർ യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ഇവരെയൊക്കെ ഇപ്പോൾ ഇന്ത്യയിലെത്താൻ അനുവദിച്ചാൽ അത് രോഗവ്യാപനത്തിനു കാരണമായേക്കാം. അങ്ങനെ സംഭവിച്ചാൽ വലിയ പ്രതിസന്ധി ഇന്ത്യ നേരിടേണ്ടിവരും. പ്രവാസികൾ ഉള്ള രാജ്യങ്ങളിൽ ചികിത്സാ സൗകര്യങ്ങളുൾപ്പെടെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താം. അക്കാര്യത്തിൽ സർക്കാർ ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഗൾഫിലും ഇംഗ്ലണ്ടിലും അമേരിക്കയിലും ഇറാനിലും അടക്കം വിദേശത്ത് കുടുങ്ങിയവരെ തിരിച്ചെത്തിക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട ഏഴ് ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. 

content highlights: Supreme Court defers pleas seeking rescue of Indians stranded abroad