കേരളത്തെ മാതൃകയാക്കാന്‍ പഞ്ചാബും; മരണ സംഖ്യ കുറക്കാനെന്ന് സര്‍ക്കാര്‍

ചണ്ഡിഗഢ്: കൊറോണ വൈറസ് മൂലമുള്ള മരണം ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടിയുള്ള പഞ്ചാബ് ജീവന്‍ രക്ഷിക്കാന്‍ കേരളത്തെ മാതൃകയാക്കുന്നു. ഇതുവരെ 12 പേരാണ് പഞ്ചാബില്‍ കോവിഡ്-19 മൂലം മരിച്ചത്. കേരളത്തില്‍ മൂന്ന് പേരും. രാജ്യത്ത് കോവിഡ് കര്‍ഫ്യൂ ആദ്യം പ്രഖ്യാപിച്ച സംസ്ഥാനമാണ് പഞ്ചാബ്.

കടുത്ത നടപടികള്‍ എടുത്തിട്ടും രോഗത്തെ നിയന്ത്രിക്കാനാകാതെ പോയത് മൂലം രോഗം കണ്ടെത്താനുള്ള പരിശോധനയക്കും മരണം കുറയ്ക്കാനും വേണ്ടി കേരളത്തിലേക്ക് ഉറ്റുനോക്കുകയാണ് പഞ്ചാബ്. സംസ്ഥാനത്ത് ഒരാളെ പരിശോധിക്കുമ്പോള്‍ കേരളം നാല് പേരെയാണ് പരിശോധിക്കുന്നത്.

കേരളം ഏപ്രില്‍ 12 വരെ 14,163 സ്രവ സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ പഞ്ചാബില്‍ 3,909 മാത്രം. പഞ്ചാബുമായി താരതമ്യപ്പെടുത്തുമ്പോള്‍ 3.62 ഇരട്ടി പരിശോധനകള്‍ കേരളത്തില്‍ നടന്നു.

റാപ്പിഡ് ടെസ്റ്റുകള്‍ നടത്തുന്നതിനും കിയോസ്‌കുകള്‍ സ്ഥാപിക്കുന്നതിനും കേരളം പഞ്ചാബിനേക്കാള്‍ മുന്നിലാണ്. ഐസിഎംആറിന്റെ അനുവാദം ലഭിച്ചിട്ടും ഇനിയും പഞ്ചാബ് റാപ്പിഡ് ടെസ്റ്റ്് ആരംഭിച്ചിട്ടില്ല. തിങ്കളാഴ്ച 1000 റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ലഭിച്ചുവെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി വിനി മഹാജന്‍ പറഞ്ഞു. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പ്രഖ്യാപനം നടത്തി 10 ദിവസം കഴിഞ്ഞിട്ടും ഹോട്ട്സ്പോട്ടുകളില്‍ മൊബൈല്‍ പരിശോധന ആരംഭിച്ചിട്ടില്ല.

Content Highlight: Punjab also following Kerala model in order to arrest death