കോവിഡ് 19: ഖത്തറില്‍ 197 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു; രോഗികളുടെ എണ്ണം 3000 കടന്നു

ദോഹ: ഖത്തറില്‍ ഇന്ന് 197 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 3,428ലെത്തി. ഇതില്‍ 3,048 പേര്‍ ചികിത്സയില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 39 പേര്‍ കൂടി സുഖം പ്രാപിച്ചു. ഇതുവരെ 373 പേര്‍ക്ക് രോഗം ഭേദമായി.1,794 പേരില്‍ കൂടി പരിശോധന നടത്തിയതോടെ പരിശോധനക്ക് വിധേയമായവര്‍ 52,622. ഒരു സ്വദേശി ഉള്‍പ്പെടെ 7 പേരാണ് ഇതുവരെ രാജ്യത്ത് മരിച്ചത്.

കുവൈറ്റില്‍ ഒരാള്‍ കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു. 50 വയസ്സുള്ള സ്വദേശിയാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ രണ്ടായി. നേരത്തെ ഗുജറാത്ത് സ്വദേശിയാണ് വൈറസ് ബാധയേറ്റ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം 66 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 45പേര്‍ ഇന്ത്യക്കാരാണ്, ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 1300ആയി, ഇതില്‍ 724പേര്‍ ഇന്ത്യക്കാരാണ്. 1148 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്, 26 ആളുകള്‍ തിവ്രപരിചണ വിഭാഗത്തിലും 1367പേര്‍ ക്വാറന്റീനിലുമാണ്. ഇന്നലെ 8 പേര്‍കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവര്‍ 150ലെത്തി.

സൗദി അറേബ്യയില്‍ 472 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം 4,934 ആയി എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 44 പേര്‍ ഇന്ന് രോഗമുക്തരായി. ഇതോടെ മൊത്തം 805 പേര്‍ രോഗമുക്തരായെന്ന് മന്ത്രാലയം അറിയിച്ചു. ആറ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 65 ആയി.

യു.എ.ഇയില്‍ തിങ്കളാഴ്ച 398 പുതിയ കൊറോണ വൈറസ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ മൊത്തം കേസുകള്‍ 4521 ആയി. 172 പേര്‍ക്ക് രോഗം ഭേദമായി . ഇതുവരെ 852 പേരാണ് സുഖം പ്രാപിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മൂന്ന് പേര്‍ തിങ്കളാഴ്ച മരിച്ചതായും യു.എ.ഇ വ്യക്തമാക്കി. ഇതോടെ മരണസംഖ്യ 25 ആയാതായും മന്ത്രാലയ വക്താവ് ഡോ. ഫരീദ അല്‍ ഹൊസാനി പറഞ്ഞു. തിങ്കളാഴ്ച രാജ്യത്തൊട്ടാകെ 23,380 പുതിയ ടെസ്റ്റുകളും നടത്തിയിട്ടുണ്ട്.

Content Highlight: Qatar reports 197 more Corona cases