എല്ലാ ജില്ലകളിലും ക്യാൻസർ ചികിത്സാ കേന്ദ്രങ്ങൾ ഒരുക്കാൻ കേരളം

Cancer treatment for every district in Kerala

കൊവിഡ് തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ക്യാൻസർ ചികിത്സാ കേന്ദ്രങ്ങൾക്കുള്ള സൗകര്യങ്ങളൊരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോള്‍ ആര്‍സിസിയുമായി ചേര്‍ന്നാണ് ചികിത്സാ സൗകര്യമൊരുക്കുന്നതെങ്കിലും മറ്റ് റീജിയണല്‍ കാന്‍സര്‍ സെൻ്ററുകളുമായി സഹകരിച്ച് കാന്‍സര്‍ ചികിത്സ സൗകര്യം വിപുലീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി ഈ കാര്യം വ്യക്തമാക്കിയത്. 

രോഗപ്രതിരോധ ശേഷി കുറഞ്ഞവരാണ് കാന്‍സര്‍ രോഗികള്‍. ഇവർക്ക് കൊവിഡ് ബാധിച്ചാല്‍ ഗുരുതരാവസ്ഥയിലാവാനുള്ള സാധ്യത കൂടുതലാണ്. അതിനാലാണ് അവരെ അധിക ദൂരം യാത്ര ചെയ്യിക്കാതെ തൊട്ടടുത്ത പ്രദേശങ്ങളില്‍ കാന്‍സര്‍ ചികിത്സാ സൗകര്യമൊരുക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൻ്റെ എല്ലാ സ്ഥലങ്ങളിലുമുള്ള രോഗികള്‍ തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെൻ്ററിൽ ചികിത്സയ്ക്കായി എത്താറുണ്ട്. അത്തരക്കാരുടെ തുടര്‍പരിശോധന, കീമോതെറപ്പി, സാന്ത്വന ചികിത്സ, സഹായക ചികിത്സകൾ തുടങ്ങിയവ ഈ കേന്ദ്രങ്ങളിലൂടെ ചെയ്യാൻ സാധിക്കും. ആര്‍സിസിയിലെ ഡോക്ടര്‍മാര്‍ ടെലി കോണ്‍ഫറന്‍സിലൂടെ ഈ ആശുപത്രികളിലെ ബന്ധപ്പെട്ട ഡോക്ടര്‍മാരുമായി സംസാരിച്ച് ചികിത്സ നിശ്ചയിക്കുന്നു. തുടർന്ന് ഇവര്‍ക്കാവശ്യമായ മരുന്നുകള്‍ കെഎംഎസ്‌സിഎല്‍ മുഖാന്തരം കാരുണ്യ കേന്ദ്രങ്ങള്‍ വഴി എത്തിച്ചു കൊടുക്കും. 

content highlights: Cancer treatment for every district in Kerala