ഏപ്രില്‍ 20ന് ശേഷം രാജ്യത്ത് ഇളവുകളുള്ള മേഖലകള്‍ ഇവ; കേന്ദ്ര വിജ്ഞാപനം പുറത്തിറങ്ങി

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരുന്നതിനിടെ ഏപ്രില്‍ 20ന് ശേഷം രാജ്യത്തെ വിവിധ മേഖലകളില്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ഏപ്രില്‍ 20 മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും.പൊതുഗതാഗത സംവിധാനത്തിനടക്കം ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ തുടര്‍ന്നുകൊണ്ടാണ് പുതിയ ഉത്തരവ്. അതേസമയം കൊവിഡ് ഹോട്ട്സ്പോട്ടായി തിരിച്ച പ്രദേശങ്ങളിലെ ഇളവുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും ഉത്തരവില്‍ പറയുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കില്ല. കടകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. പോസ്റ്റ് ഓഫീസുകള്‍ക്ക് കൊറിയര്‍ സര്‍വീസുകള്‍ പ്രവര്‍ത്തിപ്പിക്കാം. സാമൂഹിക അകലം പാലിച്ച് തൊഴിലുറപ്പ് പദ്ധതികള്‍ നടത്താമെന്നും കേന്ദ്ര ഉത്തരവില്‍ പറയുന്നുണ്ട്. നിര്‍മാണ മേഖലയിലും വ്യവസായ മേഖലയിലും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും സര്‍ക്കാര്‍ നീക്കി.

അധിക ഇളവുകള്‍ അനുവദിക്കരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര ഇളവുകളെ സംബന്ധിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനം വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കും.

അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്ക് ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കാം. ബാങ്കുകള്‍, ഇന്‍ഷൂറന്‍സ് ഓഫീസുകള്‍, എടിഎമ്മുകള്‍, ബാങ്കുകള്‍ക്ക് വേണ്ടി സേവനം നല്‍കുന്ന ഐടി സ്ഥാപനങ്ങള്‍, ബാങ്കിംഗ് കറസ്പോണ്ടന്റ് സ്ഥാപനങ്ങള്‍, എടിഎമ്മുകളില്‍ പണം നിറയ്ക്കുന്ന ഏജന്‍സികള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാം. ടെലികമ്മ്യൂണിക്കേഷന്‍സ്, ഇന്റര്‍നെറ്റ് സര്‍വീസുകള്‍, കേബിള്‍ സര്‍വീസുകള്‍, ഐടി സംബന്ധമായ അവശ്യ സര്‍വീസുകള്‍ എന്നിവയ്ക്ക് തുറക്കാം. പക്ഷേ പരമാവധി വീട്ടിലിരുന്ന് ജോലി ചെയ്യുന്നതാണ് അഭികാമ്യമെന്നും ഉത്തരവില്‍ പറയുന്നു.

കൃഷി സംബന്ധമായ സ്ഥാപനങ്ങളെല്ലാം തുറക്കാനുള്ള അനുമതിയും കേന്ദ്രം നല്‍കിയിട്ടുണ്ട്. തേയിലത്തോട്ടങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നുണ്ടെങ്കിലും 50 ശതമാനം മാത്രമേ ജോലിക്കാരെ നിയോഗിക്കാവൂ. അവശ്യ സര്‍വീസുകളൊഴിച്ച് ഗതാഗത മേഖലയില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ രാജ്യത്ത് തുടരുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയത് ഈ മേഖലകളില്‍;

*റോഡ് നിര്‍മാണം, കെട്ടിട നിര്‍മാണം, ജലസേചന പദ്ധതി എന്നിവയ്ക്ക് അനുമതി.

*വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കും

*തോട്ടങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി

*കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങള്‍ അടഞ്ഞുതന്നെ കിടക്കും

*വ്യോമ റെയില്‍ വാഹന ഗതാഗതം മെയ് മൂന്നുവരെ പുനരാരംഭിക്കില്ല

*അവശ്യ വസ്തുക്കള്‍ക്ക് നിലവിലുള്ള ഇളവുകള്‍ തുടരും

*വ്യാപാര സ്ഥാപനങ്ങളും വ്യവസായ ശാലകളും അടഞ്ഞു കിടക്കും

*പൊതു ആരാധന നടത്താന്‍ പാടില്ലെന്ന് നിര്‍ദേശം

*മദ്യം, സിഗരറ്റ് വില്‍പനയ്ക്ക് നിരോധനം

*പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മുഖാവരണം നിര്‍ബന്ധം

*മെഡിക്കല്‍ ലാബുകള്‍ക്ക് തുറക്കാം

*ആരാധനാലയങ്ങള്‍ തുറക്കരുത്

*ബാറുകളും മാളുകളും തിയറ്ററുകളും തുറക്കരുത്

*മരണം, വിവാഹ ചടങ്ങ് എന്നിവയ്ക്ക് നിയന്ത്രണം

*ക്ഷീരം, മത്സ്യം, കോഴിവളര്‍ത്തല്‍ മേഖലകളിലുള്ളവര്‍ക്ക് യാത്രാനുമതി

*പൊതുസ്ഥലത്ത് തുപ്പുന്നത് കുറ്റകരമാകും

*അത്യാവശ്യ സാഹചര്യങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാം.

Content Highlight: Central Government releases the concession allowed sectors after April 20