കൊവിഡ് രോഗികളായ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും പ്രത്യേക വാര്‍ഡുകളുണ്ടാക്കി അഹമ്മദാബാദ്‌ സിവില്‍ ആശുപത്രി; നടപടി വിവാദത്തിൽ

Gujarat hospital splits COVID-19 patients on the basis of religion

ഗുജറാത്തിൽ കൊവിഡ് രോഗികൾക്കായി മതാടിസ്ഥാനത്തിൽ വാർഡുകൾ ഉണ്ടാക്കി അഹമ്മദാബാദ്‌ സിവില്‍ ആശുപത്രി. സാധാരണ സ്ത്രീക്കള്‍ക്കും പുരുഷന്മാര്‍ക്കും എന്ന രീതിയിലാണ് പ്രത്യേക വാര്‍ഡുകള്‍ നല്‍കാറുള്ളത്. എന്നാൽ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും വേര്‍തിരിച്ച് പ്രത്യേക വാര്‍ഡാണ് ആശുപത്രി അധികൃതർ കൊവിഡ് രോഗികൾക്കായി നൽകിയത്. നടപടി പുറത്തുവന്നതോടെ വിവാദത്തിലായിരിക്കുകയാണ്. എന്നാൽ സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് വാർഡ് തിരിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. 

പക്ഷേ, ഗുജറാത്ത് ഉപമുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയുമായ നിതിന്‍ പട്ടേല്‍ ഇങ്ങനെ ഒരു വേര്‍തിരിവ് സംബന്ധിച്ച് ഒരു നിർദ്ദേശവും നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി. ഒരു പ്രത്യേക ന്യൂനപക്ഷങ്ങള്‍ക്ക് ഇടയില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും ദില്ലിയില്‍ നടന്ന ഒരു മതചടങ്ങില്‍ പങ്കെടുത്തതാണ് രോഗം പടരാന്‍ കാരണമായതെന്നുമുള്ള അനുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു വേർതിരിവ് എന്നാണ് പ്രാഥമിക കണ്ടെത്തൽ. എന്നാൽ ആശുപത്രി അധികൃതർ ഇതുമായി ബന്ധപ്പെട്ട വിശദീകരണം പരസ്യമായി നൽകാൻ തയ്യാറായിട്ടില്ല. 

ഹിന്ദുക്കളായ കുറച്ചുപേര്‍ മുസ്ലീങ്ങളുടെ കൂടെ വാർഡിൽ കിടക്കാൻ കഴിയില്ലെന്ന്  പറഞ്ഞതിൻ്റെ അടിസ്ഥാനത്തിലാണ് പ്രത്യേക വാര്‍ഡ് ഒരുക്കിയതെന്ന്  ആശുപത്രിയിലെ ഒരു ഡോക്ടർ വെളിപ്പെടുത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

Content highlights: Gujarat hospital splits COVID-19 patients on the basis of religion