മേഖല തിരിച്ച് ഇളവുകള്‍ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍; ഇടുക്കിയും, കോട്ടയവും ഗ്രീന്‍ സോണില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കാസര്‍ഗോഡ്, കണ്ണൂര്‍, എറണാകുളം, പത്തനംതിട്ട, മലപ്പുറം, തിരുവനന്തപുരം എന്നിവ ഹോട്ട്‌സ്‌പോട്ട് ജില്ലകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ പൂര്‍ണമായും അടച്ചിടും. ഇവിടെ ലോക്ക്ഡൗണ്‍ ഇളവുകള്‍ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഹോട്ട്‌സ്‌പോട്ട് അല്ലാത്ത ജില്ലകളില്‍ ഏപ്രില്‍ 20 ന് ശേഷം ഇളവുകള്‍ അനുവദിക്കും. സംസ്ഥാനത്തെ രോഗ തീവ്രതയുടെ അടിസ്ഥാനത്തില്‍ മേഖലകളായി തിരിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളാണ് ഒന്നാം മേഖലയില്‍ വരിക. ഇവിടെ പൂര്‍ണമായും നിയന്ത്രണങ്ങള്‍ തുടരും. രണ്ടാം മേഖലയില്‍ എറണാകുളം, പത്തനംതിട്ട, കൊല്ലം ജില്ലകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളില്‍ ഏപ്രില്‍ 24 വരെ കര്‍ശന നിയന്ത്രണം തുടരും. ഈ ജില്ലകളുടെ അതിര്‍ത്തികള്‍ അടച്ചിടും.

തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, തൃശൂര്‍, വയനാട് എന്നീ അഞ്ച് ജില്ലകളാണ് മൂന്നാം മേഖലയില്‍. ഈ ജില്ലകളില്‍ ഏപ്രില്‍20 ന് ശേഷം ഭാഗികമായ ജനജീവിതം അനുവദിക്കും. അഞ്ച് ജില്ലകളില്‍ ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ മുതലായ വാണിജ്യ സ്ഥാപനങ്ങള്‍ വൈകിട്ട് എഴുമണി വരെ തുറന്നു പ്രവര്‍ത്തിക്കാം.

കോട്ടയം, ഇടുക്കി ജില്ലകളാണ് നാലാം മേഖലയില്‍ വരുന്നത്. ഈ ജില്ലയില്‍ നിയന്ത്രണം ഉണ്ടാകില്ലെങ്കിലും ജില്ലയിലുല്ലള്ളവര്‍ക്ക് മറ്റുജില്ലകളിലേക്ക് യാത്ര ചെയ്യാനാവില്ല.

Content Highlight: Kerala divide the districts into four zones