പിണറായി വിജയൻ മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളമെന്നു കെ.എം.ഷാജി എംഎൽഎ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് കൊടുത്ത പണം നേർച്ചപ്പെട്ടിയിൽ ഇട്ട പണമല്ലെന്നും അതിൻ്റെ കണക്ക് ചോദിക്കുന്നതിൽ എന്താണ് തെറ്റെന്നും ഷാജി വാർത്താ സമ്മേളനത്തിൽ ചോദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി ഷാജി രംഗത്തെത്തിയത്.
സിപിഎം എംഎൽഎയ്ക്ക് ദുരിതാശ്വാസനിധിയിൽ നിന്നും ലക്ഷങ്ങൾ കടം വീട്ടാൻ നൽകിയത് ഏതു മാനദണ്ഡം ഉപയോഗിച്ചാണ്. മുഖ്യമന്ത്രി പിആര്‍ഒ വര്‍ക്കിനായി ഉപയോഗിക്കുന്ന കോടികൾ എവിടെ നിന്നാണ് വരുന്നത്. ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്ത ചരിത്രമുണ്ട്. അത് കൊണ്ടുതന്നെ ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റിയിട്ടുണ്ടോ എന്ന് സംശയമുണ്ട് തുടങ്ങിയവയാണ് കെ.എം ഷാജി ഉയർത്തുന്ന ആരോപണങ്ങൾ.
1000 കോടി രൂപയോളം ഗ്രാമീണ റോഡുകള്‍ നന്നാക്കാന്‍ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ഇപ്പോള്‍ പണം കൊടുത്തിരിക്കുന്നത്. ഞാനും മുനീര്‍ സാഹിബും അടക്കമുള്ള പ്രതിപക്ഷത്തെ എം.എല്‍.എമാര്‍ക്ക് ഏഴ് ശതമാനമാണ് അതില്‍ നിന്ന് പണം തന്നത്. ബാക്കി മുഴുവന്‍ ഇടതുപക്ഷത്തിനും ഈ പ്രളയവുമായി ബന്ധമില്ലാത്ത ആര്‍ക്കൊക്കെയോ വേണ്ടി 1000 കോടി രൂപയോളം ചെലവഴിച്ചു. രണ്ട് കോടി രൂപയാണ് ഷുഹൈബിൻ്റേയും ഷുക്കൂറിൻ്റേയും കേസ് വാദിക്കാന്‍ അഡ്വ. രജിത് കുമാറിനെ ഒരു മണിക്കൂറിന് 25 ലക്ഷം രൂപ നല്കി ഇവര്‍ ഏർപ്പാടാക്കിയത്. ഇതിൻ്റെ രേഖകള്‍ കൈവശമുണ്ട്. അത് ദുരിതാശ്വാസ ഫണ്ടില്‍ നിന്നല്ല കൊടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിന്നെ മുഖ്യമന്ത്രിയുടെ വീട്ടിലെ പൈസയാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കെ എം ഷാജി പറഞ്ഞു.
പ്രളയ ഫണ്ടിലേക്ക് 8000 കോടി രൂപ ലഭിച്ചു. അടിയന്തര ആശ്വാസം എന്നു പറഞ്ഞാണ് പ്രളയ ഫണ്ടിലേക്കു പണം വാങ്ങിയത്. 2019 വരെ 2000 കോടിയാണ് ചെലവഴിച്ചത്. ബാക്കിയായി 5000 കോടിയിലധികം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലുണ്ട്. പ്രളയം കഴിഞ്ഞ് ഇപ്പോൾ രണ്ടു വർഷവും കഴിഞ്ഞു. കാക്കനാട്ടെ സഖാവ് പണം അടിച്ചു മാറ്റുമ്പോൾ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് പണം ലഭിക്കാതെ വയനാട്ടിൽ ഒരാൾ ആത്മഹത്യ വരെ ചെയ്തു. പിണറായി മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളമെന്നും പഴയ മുഖം ആരും മറന്നിട്ടില്ലെന്നും വികൃത മനസ് ആർക്കാണെന്ന് ജനത്തിന് അറിയാമെന്നും ഷാജി പറഞ്ഞു.
content highlights: KM Shaji MLA against CM Pinarayi Vijayan