കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഗർഭിണി മരിച്ചതോടെ ഡൽഹി സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള 68 ജീവനക്കാരെ നിരീക്ഷണത്തിലാക്കി. 25കാരിയായ യുവതി ബുധനാഴ്ച രാത്രിയാണ് മരിച്ചത്. ഗർഭിണിയായ യുവതി പനിയും മറ്റ് അസ്വസ്ഥതകളുമായി തിങ്കളാഴ്ച രാത്രിയാണ് ആശുപത്രിയിൽ പ്രവേശിച്ചത്.
വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നേരത്തെ അധികൃതർ നിർദേശിച്ചിരുന്ന ഇവർ അസുഖം വന്നതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. അഡ്മിഷൻ സമയത്ത് പലതവണ തിരക്കിയെങ്കിലും വിദേശയാത്ര നടത്തിയതും ഹോം ക്വാറൻ്റീനിലായിരുന്നതും ഇവർ മറച്ചുവച്ചു. രോഗം മൂർച്ഛിച്ചതോടെയാണ് വിദേശത്തു നിന്നു വന്നിരുന്നെന്നും സഹയാത്രക്കാരനിൽ നിന്നു കോവിഡ് ബാധിച്ചുവെന്നു സംശയിക്കുന്നുവെന്നും ആശുപത്രി അധികൃതരെ അറിയിച്ചത്.
ഏപ്രിൽ 10 മുതൽ 24 വരെ ക്വാറൻ്റീനിലാകാൻ ജില്ലാ മജിസ്ട്രേട്ട് ഇവരോടും 4 കുടുംബാംഗങ്ങളോടും നിർദേശിച്ചിരുന്നതാണ്. ആരോഗ്യനില കൂടുതൽ വഷളായ ഇവർ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. ഇതോടെയാണ് ആശുപത്രിയിൽ ഇവരുമായി ഇടപഴകിയ 68 പേരോടും നിരീക്ഷണത്തിലാകാൻ നിർദേശിച്ചത്. ഇവരുടെ സാംപിൾ പരിശോധന ഫലം ലഭ്യമായിട്ടില്ല.
content highlights: 68 medical staffers quarantined after Covid-19 suspect dies