കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയിൽ കൊവിഡ് ബാധിച്ച് 4491 പേരാണ് മരിച്ചത്. യുഎസിൽ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന മരണസംഖ്യയും ലോകത്ത് തന്നെ ഒരു രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന മരണനിരക്കുമാണിത്. ബുധനാഴ്ച 2,569 പേർ മരിച്ചതായിരുന്നു ഇതുവരെയുണ്ടായിരുന്ന ഏറ്റവും ഉയർന്ന സംഖ്യ. യുഎസിൽ ഇതുവരെ കോവിഡ് ബാധിച്ച് 34,641 പേരാണ് മരിച്ചത്. 678,144 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
ന്യൂയോർക്കിൽ മാത്രം 2,26,000ത്തോളം പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിക്കുകയും 16,106 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ന്യൂജഴ്സിയിൽ 3518 പേർ ഇതുവരെ മരിച്ചു, 75,000ത്തോളം പേർക്ക് രോഗബാധയും സ്ഥിരീകരിച്ചു. യുഎസിൽ രോഗം ബാധിച്ചവരിൽ 4 ശതമാനവും ഏഷ്യൻ വംശജരും മൂന്നിലൊന്ന് ആഫ്രിക്കൻ അമേരിക്കൻ വംശജരുമാണ്. ഇത്തരത്തിൽ രൂക്ഷമായ സാഹചര്യം നിലനിൽക്കുമ്പോഴും രാജ്യത്തിലെ പ്രതിസന്ധി ഘട്ടം കഴിഞ്ഞെന്നും രാജ്യത്തെ സ്ഥിതി മെച്ചപ്പെട്ടെന്നുമാണ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പറയുന്നത്.
content highlights: Nearly 4,500 Coronavirus Deaths In US In 24 Hours, Highest Spike: Report